കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള കണ്ണ്യാട്ടുനിരപ്പ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. ജലജീവൻ മിഷന്റെ ഭാഗമായി 7.5 ലക്ഷം ലി​റ്റർ ശേഷിയുള്ള കുടിവെള്ള ടാങ്ക് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായുള്ള മണ്ണ് പരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായി. ഭരണാനുമതി ലഭിച്ച പദ്ധതിക്കായി സ്വകാര്യ ഉടമസ്ഥതയിലെ ഭൂമി ഏ​റ്റെടുത്തിരുന്നു.

2024 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കി പദ്ധതി കമ്മീഷൻ ചെയ്യുകയാണ് ലക്ഷ്യം. മണ്ണ് പരിശോധനാ ഫലം ലഭിച്ചാൽ സാങ്കേതിക അനുമതി വാങ്ങി ടെൻഡർ വിളിക്കാനുള്ള പ്രവർത്തനം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശ് പറഞ്ഞു. 48 കോടി രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ പത്ത് വാർഡുകളിലായി ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാകും. ആറ് കോടി രൂപയാണ് പഞ്ചായത്ത് വിഹിതം. അവശേഷിക്കുന്ന തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചെലവഴിക്കും. കക്കാട്, വെണ്മണി, പുളിനിരപ്പ് ലക്ഷംവീട് പ്രദേശങ്ങൾ കേന്ദ്രീകരിച്ച് രണ്ട് ചെറുകിട പദ്ധതികൾക്കും ഭരണസമിതി ലക്ഷ്യമിടുന്നുണ്ട്. പുത്തൻകുരിശ് പള്ളിക്ക് സമീപത്തെ കുടിവെള്ള പദ്ധതി കൂടി യാഥാർത്ഥ്യമാകുന്നതോടെ പുത്തൻകുരിശ് പഞ്ചായത്തിന് പുറമേ തിരുവാണിയൂരിലെ ആറ് വാർഡുകളിലും വേനൽ കാലത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടും.