
ആലുവ: ഗുഡ്സ് ഓട്ടോറിക്ഷയും സ്കൂട്ടറും തമ്മിൽ കൂട്ടിയിച്ച് യുവാവ് മരിച്ചു. അശോകപുരം പള്ളിക്കുന്ന് റോസ് ഗാർഡൻ രണ്ടിൽ പോളപ്പറമ്പിൽ ജീവന്റെ മകൻ അലൻ ജീവൻ (21) ആണ് മരിച്ചത്. ഇന്നലെ രാവിലെ 6.30ഓടെ ആലുവ എസ്.പി ഓഫീസിനും ജില്ലാ ആശുപത്രിക്കും മദ്ധ്യേയായിരുന്നു അപകടം.
കൂട്ടിയിടിയുടെ ആഘാതത്തിൽ അലൻ റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഓടിക്കൂടിയവർ അബോധാവസ്ഥയിലായ അലനെ ഉടൻ ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് അപകടത്തിൽപ്പെട്ട ഗുഡ്സ് ഓട്ടോറിക്ഷയുടെ പിന്നിൽ കിടത്തിയാണ് ആലുവ കാരോത്തുകുഴി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പറവൂർ കവലയിലെ ജിംനേഷ്യത്തിൽ പോയി മടങ്ങി വരികയായിരുന്നു അലൻ. പ്ളസ് ടു പഠനം പൂർത്തിയാക്കിയ അലൻ അടുത്ത മാസം ഉപരിപഠനത്തിനായി യു.കെയിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു.
ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്ന് വൈകിട്ട് നാലിന് അശോകപുരം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കരിക്കും. മാതാവ്: ജിസോ ജീവൻ. സഹോദരൻ: നിതിൻ ജീവൻ.