mohandas

കൊച്ചി: വലംകൈയുടെ സ്വാധീനം നഷ്ടപ്പെട്ടിട്ടും ഇടംകൈയിൽ കാമറയുമേന്തി ദേശീയ, അന്തർദേശീയ യാത്രകളിലൂടെ ഒപ്പിയെടുത്ത കാഴ്ചകളുമായി ആദ്യത്തെ സംസ്‌കൃത യാത്രാവിവരണ ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് ഡോ. മുത്തലപുരം മോഹൻദാസ് (67) എന്ന റിട്ട. അദ്ധ്യാപകൻ. കാശ്മീർ, മദ്ധ്യപ്രദേശ്, ആൻഡമാൻ തുടങ്ങി ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലും ഖത്തർ, മലേഷ്യ, സിംഗപ്പൂർ, കമ്പോഡിയ, അമേരിക്ക, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലും സഞ്ചരിച്ച് പകർത്തിയ ചിത്രങ്ങളും യാത്രാനുഭവങ്ങളുമാണ് ഗ്രന്ഥത്തിന്റെ ഇതിവൃത്തം. രസ്‌ന എന്ന സംസ്‌കൃത മാസികയിൽ പരമ്പരയായി പ്രസിദ്ധീകരിച്ചുവരുന്ന ലേഖനങ്ങളുടെ സമാഹാരമാണ് പുതിയ പുസ്തകം. ഡോ. മോഹൻദാസ് അറിയപ്പെടുന്ന ബാലസാഹിത്യകാരൻ കൂടിയാണ്. ആനുകാലികങ്ങളിൽ കവിതയുമായാണ് എഴുത്തിന്റെ തുടക്കം. 94ൽ കറന്റ് ബുക്ക്‌സിലൂടെ 'അമ്പട ഹയ്യട' എന്ന ബാലസാഹിത്യകൃതി പുറത്തിറക്കി. പിന്നീട് രണ്ട് സംസ്കൃത രചന ഉൾപ്പെടെ 200ൽ ഏറെ കവിതകളുമായി 8 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ചങ്ങമ്പുഴയുടെ രമണൻ, അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി, ഈശ്വര ചിന്തയിതൊന്നേ മനുജന്, മാവേലിനാടുവാണിടും കാലം, ദൈവമേ കൈതൊഴാം എന്നീ രചനകൾ സംസ്‌കൃതത്തിലേക്ക് വിവർത്തനം ചെയ്തിട്ടുമുണ്ട്. ജില്ലാ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ (ഡയറ്റ്) സംസ്‌കൃതം അദ്ധ്യാപക പരിശീലകനായിരുന്ന ഡോ. മോഹൻദാസ് 2011 ൽ വിരമിച്ചു.10 വർഷം മുമ്പ് കഴുത്തിലെ കാൻസർ ചികിത്സയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷമാണ് വലതുകൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടത്.സംസ്‌കൃതത്തിലും ബാലസാഹിത്യത്തിലുമെന്നപോലെ ഫോട്ടോഗ്രാഫിയിലും കമ്പക്കാരനായതുകൊണ്ട് വലതുകൈ പണിമുടക്കിയിട്ടും എഴുത്തും ചിത്രീകരണവും അവസാനിപ്പിച്ചില്ല. ഇടംകൈകൊണ്ട് കമ്പ്യൂട്ടറിൽ സ്റ്റിൽ ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്യും. സ്വന്തമായി ചിത്രീകരിക്കുന്ന വീഡിയോകൾ എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്യുന്ന യുട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്.

സംസ്‌കൃതം അദ്ധ്യാപക പരിശീലനകോഴ്‌സ് വിജയിച്ചശേഷം ജോലി കിട്ടാൻ വൈകിയ ഇടവേളയിലാണ് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞത്. പിന്നീട് സ്‌കൂൾ അദ്ധ്യാപകനായും ജില്ലാ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശീലകനായും സേവനം അനുഷ്ഠിച്ചപ്പോഴും കാമറ കൈവിട്ടില്ല. അരകിലോയോളം ഭാരമുള്ള സോണി ആർ.എക്‌സ് 10 കാമറയാണ് ഉപയോഗിക്കുന്നത്.