alan-jeevan

ആലുവ: ഇന്നലെ അശോകപുരം പള്ളിക്കുന്ന് ഗ്രാമം ഉണർന്നത് പോളപ്പറമ്പിൽ അലൻ ജീവൻ (21)ന്റെ അപകടവാർത്ത കേട്ടാണ്. മരണവാർത്ത ബന്ധുക്കൾക്ക് മാത്രമല്ല, പള്ളിക്കുന്ന് നിവാസികൾക്കും താങ്ങാനാവുന്നതായിരുന്നില്ല.

ഗുഡ്സ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മരിച്ച സ്കൂട്ടർ യാത്രികൻ അശോകപുരം പള്ളിക്കുന്ന് പോളപ്പറമ്പിൽ അലൻ പരിചയമുള്ള എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. സ്കൂൾ പഠനകാലം തൊട്ട് കൂട്ടുകാരോടെല്ലാം പുഞ്ചിരിയോടെ മാത്രമെ ഇടപെടാറുള്ളുവെന്ന് സഹപാഠികളും സുഹൃത്തുക്കളും പറയുന്നു. വലിയസുഹൃത്ത് വലയം അലനുണ്ടായിരുന്നു. ഉപരിപഠനത്തിനായി യു.കെയിലേക്ക് പോകാൻ ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു. അലന്റെ സഹോദരൻ നിതിനും അടുത്ത ബന്ധുക്കളുമെല്ലാം യു.കെയിലുണ്ട്. ഒരുവർഷം മുമ്പ് അലന്റെ അടുത്ത സുഹൃത്ത് ആലുവ തായിക്കാട്ടുകര ഐഡിയൽ പബ്ലിക് സ്‌കൂളിന് സമീപം കൃഷ്ണതുളസിയിൽ റിതു രാജേഷ് (19) കണ്ടെയ്നർ റോഡിൽ ഫാക്ട് ആനവാതിലിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടിരുന്നു. മരണത്തിന് ശേഷം റിതുവിന്റെ വീട്ടുകാർക്ക് അലന്റെ സാന്നിദ്ധ്യവും സഹായവുമാണ് ഏറെ ആശ്വാസമായത്. അലൻ യു.കെയിലേക്ക് പോകാൻ താമസിച്ചതും റിതുവിന്റെ മരണത്തിന്റെ വേദനയെ തുടർന്നാണ്. പള്ളിക്കുന്ന് ഗ്രാമം കണ്ണീരോടെ ഇന്ന് അലന് വിടനൽകും.