കൊച്ചി: ജില്ലയിലെ അപകട മേഖലകളെ ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തി വിവിധ വകുപ്പുകളുമായി പങ്കിടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മാപ്പിംഗ് സംവിധാനം നടപ്പാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. 2019മുതൽ 2021വരെ നടന്ന അപകടങ്ങൾ വിലയിരുത്തിയ ശേഷം കൂടുതൽ അപകടങ്ങൾ നടക്കുന്ന മേഖലകൾ രേഖപ്പെടുത്തി അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. മോട്ടോർ വാഹന വകുപ്പിന് പുറമെ പൊലീസ്, പൊതുമരാമത്ത് വകുപ്പ് എന്നിവർക്കും വിവരങ്ങൾ ലഭ്യമാകും. മൂന്ന് വർഷത്തിനിടെ അഞ്ചോ അതിലധികമോ അപകടങ്ങൾ നടന്ന സ്ഥലങ്ങൾ കണ്ടെത്തി മാപ്പിംഗ് നടത്തും.