road

കിഴക്കമ്പലം: പൂക്കാട്ടുപടി- ചെമ്പറക്കി റോഡിൽ ഇനി മരണഭയമില്ലാതെ യാത്ര ചെയ്യാം. റോഡിൽ നിരന്തര അപകടങ്ങൾക്ക് കാരണമായ പള്ളിക്കുറ്റി വളവ് നിവർത്തി. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ശ്രമഫലമായാണ് റോഡിലെ അപകട വളവിന് പരിഹാരമായത്.

പൂക്കാട്ടുപടി മുതൽ ചെമ്പറക്കി വരെ ബി.എം, ബി.സി നിലവാരത്തിൽ ടാറിംഗ് പൂർത്തിയാക്കിയ റോഡിലെ അപകട വളവ് യാത്രക്കാർക്ക് നിരന്തരം ഭീഷണിയായിരുന്നു കാഴ്ചമറയുന്നതുകാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരുപതിലധികം അപകടങ്ങളാണ് ഇവിടെ നടന്നത്. മൂന്ന് പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. ഇതോടെ പള്ളിക്കുറ്റി വളവ് വാഹന, കാൽ നടയാത്രികരുടെ പേടിസ്വപ്നമായി. അപകടങ്ങൾ തുടർന്നതോടെ പി.വി. ശ്രീനിജിൻ എം.എൽ.എ നിരവധി തവണ സ്ഥലത്തെത്തി ഭൂ ഉടമയായ നെല്ലിക്കാത്തുകുഴി ഹംസക്കുഞ്ഞിനെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതേ തുടർന്നാണ് സ്ഥലം വിട്ടുനൽകാൻ തീരുമാനിച്ചത്. എട്ടടി മുതൽ ആറടി വരെ ഉയരത്തിൽ നിന്ന് മണ്ണെടുത്ത് മാറ്റി വളവ് നിവർത്തുന്നതിനുള്ള ചെലവും നാട്ടുകാർ കണ്ടെത്തി. റോഡിലേക്ക് ഇറങ്ങിനിന്ന മൺതിട്ട നീക്കുന്നതിന് പ്രദേശവാസികളും സി.പി.എം പ്രവർത്തകരും മുന്നിട്ടിറങ്ങി. പി.കെ.കുഞ്ഞുമുഹമ്മദ്, കിഴക്കമ്പലം മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. അനിൽകുമാർ, ബിജു കെ. മാത്യു, എം.എം. അൽത്താഫ്, പി.കെ. ഇബ്രാഹിം, വി.കെ.സക്കീർ, സാദിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.