നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മലിൻഡോ എയർ സർവീസ് പുന:രാരംഭിക്കുന്നു. ആഴ്ചയിൽ നാല് ദിവസം ക്വലാലംപൂരിലേയ്ക്ക് മലിൻഡോ സർവീസ് നടത്തും. വെറും ഒന്നരമണിക്കൂറിനുള്ളിൽ ഓസ്‌ട്രേലിയയിലെ പെർത്തിലേയ്ക്ക് മലിൻഡോയുടെ കണക്ഷൻ ഫ്ളൈറ്റ് ലഭിക്കുന്ന തരത്തിലാണ് സർവീസുകൾ.
നിലവിൽ എല്ലാ ദിനവും എയർ ഏഷ്യ (ബെർഹാദ്) വിമാനം കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേയ്ക്ക് സർവീസുണ്ട്. ആഗസ്റ്റ് ഒന്നു മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 00:10 ന് കൊച്ചിയിൽ നിന്ന് മലിൻഡോ വിമാനം പുറപ്പെടും. ബുക്കിംഗ് തുടങ്ങി. സെപ്തംബർ ഒന്നു മുതൽ ആഴ്ചയിൽ എല്ലാദിവസവും കൊച്ചി- ക്വലാംലംപൂർ സെക്ടറിൽ മലിൻഡോ സർവീസുണ്ടാകും.
പൂർവേഷ്യയിലേയ്ക്ക് കണക്ടിവിറ്റി കൂട്ടുന്നതിന്റെ ഭാഗമായി നിരവധി പുതിയ സർവീസുകൾ പ്രതീക്ഷിക്കുന്നതായി സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. ഒക്ടോബറിൽ തുടങ്ങുന്ന ശീതകാല സമയപ്പട്ടികയിൽ യൂറോപ്പിലേയ്ക്കും പൂർവേഷ്യയിലേയ്ക്കും കൂടുതൽ സർവീസുകൾ എത്തിക്കുമെന്ന പ്രതീക്ഷയാണ് സിയാലിനുള്ളത്.