വൈപ്പിൻ: സർവോദയം കുര്യൻ 23-ാം ചരമ വാർഷിക ദിനാചരണം 16 ന് ഉച്ചയ്ക്ക് 2 ന് ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ ഹൈബി ഈഡൻ എം. പി. ഉദ്ഘാടനം ചെയ്യും. രാവിലെ 9 ന് ഞാറക്കൽ ഗവ.ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണ വിതരണം, കുര്യന്റെ പ്രതിമയിൽ പുഷ്പാർച്ചന എന്നിവ നടത്തും.
സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് പോൾ ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിക്കും. 2022 ലെ കേരളത്തിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡ് തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സി. ലിസി ചക്കാലക്കലിന് കെ എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽഎ. സമ്മാനിക്കും.
ആതുര സേവന രംഗത്ത് സേവനം നൽകുന്ന വി. എസ്. സോളിരാജ്, പി. കെ. പുഷ്പാംഗദൻ, സി. ടി. വൈദ്യൻ ജോസഫ് , പി. പി. മണി എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകും . ചികിത്സാ സഹായം, വിദ്യാഭ്യാസ അവാർഡ്, വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം, കർഷകനെ ആദരിക്കൽ, ജോൺ ജെ. മാമ്പിള്ളിയുടെ മാജിക് ഷോ, ജോണി വൈപ്പിൻ നയിക്കുന്ന ഗാനമേള തുടങ്ങി വിവിധ പരിപാടികളും ഉണ്ടാകും.