
ആലുവ: കുന്നത്തേരി വഴി കളമശേരി മെഡിക്കൽ കോളേജിലേക്ക് ഉണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ എ.ടി.ഒയ്ക്ക് നിവേദനം നൽകി.
ആലുവയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് വേഗത്തിൽ എത്താവുന്ന സർവീസാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് നിലച്ചത്.
കെ.എസ്.ആർ.ടി.സിയുടെ എട്ടു സർവീസും കൂടാതെ സ്വകാര്യ ബസും സർവീസ് നടത്തിയിരുന്നു. സ്വകാര്യ ബസ് സർവീസ് പൂർണ്ണമായും നിർത്തി. കെ.എസ്.ആർ.ടി.സി രാവിലെയും വൈകിട്ടും ഓരോ സർവീസ് മാത്രമായി ചുരുക്കി. അതും വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഗുണമില്ലാത്ത സമയത്താണ് സർവീസ് നടത്തുന്നത്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന ദിവസക്കൂലിക്കാരാണ് സർവീസിനെ ആശ്രയിക്കുന്നത്. മെഡിക്കൽ കോളേജിൽ ചികിത്സാ ആവശ്യത്തിന് പോകുന്ന നൂറുകണക്കിന് ആളുകൾ ദുരിതത്തിലാണ്.
നിരവധിതവണ കെ.എസ്.ആർ.ടി.സി സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദന്റെ നേതൃത്വത്തിൽ നിവേദനം നൽകിയത്. ഇ.എം. ഷെരിഫ്, സുനിറ അജി എന്നിവരും ഒപ്പമുണ്ടായിരുന്നു.