വരാപ്പുഴ: സൗത്ത് വരാപ്പുഴ വട്ടപ്പോട്ടയിൽ വീട് കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന ഭിന്നശേഷിക്കാരിയെ നാട്ടുകാർ രക്ഷപ്പെടുത്തി. പ്രവാസിയായ വരാപ്പുഴ മഞ്ചാടിപ്പറമ്പിൽ ജോസി ഡിക്രൂസിന്റെ വീട്ടിലാണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ തീപിടർന്നത്. ജോസിയുടെ ഭാര്യ ഡിൻസി മരുന്നുവാങ്ങാനും കുട്ടികൾ സ്‌കൂളിലും പോയിരുന്നതിനാൽ ജോസിയുടെ ഭിന്നശേഷിക്കാരിയായ 45 വയസുള്ള സഹോദരി മാത്രമേ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് ഓടിയെത്തിയ നാട്ടുകാർ കിടപ്പു മുറിയിലുണ്ടായിരുന്ന ഇവരെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ടിവിയും ഫ്രിഡ്ജുമടക്കമുള്ള ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. നാട്ടുകാർ ചേർന്നാണ് തീയണച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജോസിയുടെ സഹോദരിയെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോർട്ട് സർക്ക്യൂട്ടാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം.