കോതമംഗലം: താലൂക്കിന്റെ വിവിധ മേഖലകളിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. കനത്ത കാറ്റിൽ മരങ്ങൾ വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടതും മണിക്കൂറുകളോളം പ്രതിസന്ധി സൃഷ്ടിച്ചു.

തങ്കളം, കുത്തുകുഴി, രാമല്ലൂർ, കവളങ്ങാട് പ്രദേശങ്ങളിലാണ് കാറ്റ് വീശിയടിച്ചത്. മരങ്ങൾ വീണ് പലയിടങ്ങളിലും വാഹന ഗതാഗതം തടസപ്പെട്ടു. വീടുകൾക്കും ഇലക്ട്രിക് ലൈനുകൾക്കും കേടുപാടുകൾ പറ്റി. കുത്തുകുഴിയിൽ നെടുങ്ങാട്ട് ബേസിൽ ജോസിന്റെ ഒരേക്കർ സ്ഥലത്തെ റബ്ബർ,​ തേക്ക്,ആഞ്ഞിലി, വാഴ തുടങ്ങിയ വിളകൾ കാറ്റിൽ നശിച്ചു. കവളങ്ങാട് കാറ്റിന്റെ വൻ ശബ്ദം കേട്ട് വീടുകളിൽ നിന്ന് ആളുകൾ പുറത്തേക്ക് ഇറങ്ങിയോടി. കപ്പിലാംമൂട്ടിൽ സാജുവിന്റെ അഞ്ച് ഏക്കറോളം സ്ഥലത്തെ ഏത്തവാഴക്കൃഷി പൂർണമായും നശിച്ചു.രാമല്ലൂരിൽ റോഡിന് കുറുകെ മരം വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാടുകാണി മലയിൻകീഴ് റോഡിൽ തലനാരിഴയ്ക്കാണ് കാറും ബൈക്കും അപകടത്തിൽ നിന്ന് രക്ഷപെട്ടത്. ഇരു വാഹനങ്ങളും കടന്നുപോയതിനു പിന്നാലെ മരം വൈദ്യുതിലൈനിൽ വീണ് രണ്ട് ഇലക്ട്രിക് പോസ്റ്റുകളാണ് റോഡിലേക്ക് പതിച്ചത്. തങ്കളം മേഖലയിൽ നിരവധി വീടുകൾക്ക് മരം വീണ് കേടുപാടുകൾ സംഭവിച്ചു. ഇവിടെയും വൈദ്യുതി ലൈനുകൾ വീണ് വലിയ നഷ്ടമാണ് കെ.എസ്ഇ.ബിക്ക് സംഭവിച്ചത്. നാശനഷ്ടം കണക്കാക്കിവരുന്നതായി കൃഷി വകുപ്പ്,​ ഇലക്ട്രിസിറ്റി ബോർഡ് അധികൃതർ പറഞ്ഞു.