
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിർണായകതെളിവായ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്നുതവണ പരിശോധിച്ചിട്ടുണ്ടെന്നും ഇതിൽ രണ്ടുതവണ രാത്രിയിലാണ് പരിശോധന നടന്നതെന്നും വ്യക്തമാക്കി ഫോറൻസിക് ലാബ് അധികൃതർ അന്വേഷണസംഘത്തിനും വിചാരണക്കോടതിക്കും റിപ്പോർട്ട് നൽകി.
ഓരോതവണ പരിശോധിച്ചപ്പോഴും ഉപയോഗിച്ച ഡിവൈസിന്റെ വിവരങ്ങൾ ഉൾപ്പെടെയാണ് റിപ്പോർട്ട്. കോടതിസമയം അല്ലാത്തപ്പോൾ രണ്ടുതവണ കാർഡ് പരിശോധിച്ചത് അന്വേഷിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ദൃശ്യങ്ങൾ ചോർന്നതായി സംശയിക്കുന്നെന്ന് വ്യക്തമാക്കി അതിജീവിത പരാതി നൽകിയിട്ടുമുണ്ട്.
2017 ഫെബ്രുവരി 17നാണ് നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്. ഈ മെമ്മറികാർഡ് തൊട്ടടുത്തദിവസം രാവിലെ 9.13 ന് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനമുള്ള ഷഓമി ഫോണിൽ തുറന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. പിന്നീടാണ് മെമ്മറികാർഡ് അന്വേഷണ സംഘത്തിന്റെ കൈവശമെത്തുന്നത്. അങ്കമാലി ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിക്കും പിന്നീട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കും കൈമാറി.
മെമ്മറികാർഡിന്റെ ഹാഷ്വാല്യൂവിൽ മാറ്റമുണ്ടെങ്കിലും ഇതിലുള്ള എട്ടുവീഡിയോ ഫയലുകളുടെ ഹാഷ്വാല്യൂവിൽ മാറ്റമില്ലെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിൽ പറയുന്നത്
2018 ജനുവരി ഒമ്പതിന് രാത്രി 9.58ന് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള കമ്പ്യൂട്ടറിൽ മെമ്മറികാർഡ് തുറന്നു.
2018 ഡിസംബർ 13ന് രാത്രി 10.58ന് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനമുള്ള ഉപകരണത്തിലാണ് തുറന്നത്.
2021 ജൂലായ് 19ന് ഉച്ചയ്ക്ക് 12.19നും ജിയോനെറ്റ്വർക്കിലുള്ള വിവോഫോണിലാണ് തുറന്നത്. ഇതിൽ വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയവയും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
ചോദ്യങ്ങൾ
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാർഡ് നിയമപരമായ അനുമതിയില്ലാതെ ആരാണ് കൈകാര്യം ചെയ്തത്
കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് കഴിഞ്ഞവർഷം ആരാണ് പരിശോധിച്ചത്
വിവോഫോൺ ആരുടേതാണ്
കൂടുതൽ അന്വേഷണം
മെമ്മറികാർഡ് ഫോറൻസിക് പരിശോധനയ്ക്ക് നൽകാൻ ഹൈക്കോടതി ജൂലായ് അഞ്ചിനാണ് ഉത്തരവിട്ടത്. തുടർന്ന് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ പരിശോധന നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്.
അന്വേഷണത്തിന് മൂന്നാഴ്ച കൂടി വേണം
നടിയെ ആക്രമിച്ച കേസിൽ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡിന്റെ ഹാഷ്വാല്യൂവിൽ മാറ്റമുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ട് ലഭിച്ച സാഹചര്യത്തിൽ ഇതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കാൻ മൂന്നാഴ്ച കൂടി സമയം വേണമെന്നാവശ്യപ്പെട്ട് സർക്കാരും അന്വേഷണ ഉദ്യോഗസ്ഥനും ഹൈക്കോടതിയിൽ ഉപഹർജി നൽകി.
നിലവിൽ ജൂലായ് 15നകം തുടരന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ്വാല്യൂ 2021 ജൂലായ് 19ന് മാറിയിട്ടുണ്ടെന്ന റിപ്പോർട്ട് ഇന്നലെയാണ് ലഭിച്ചത്. ഇതിൽ അന്വേഷണം വേണം. റിപ്പോർട്ട് നൽകിയ ഫോറൻസിക് വിദഗ്ദ്ധന്റെ മൊഴിയെടുക്കണം. ഇതിനെല്ലാം പുറമേ ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖയുടെ ആരോപണത്തെക്കുറിച്ചും അന്വേഷിക്കണം. ജോർജേട്ടൻസ് പൂരമെന്ന ചിത്രത്തിന്റെ തൃശൂരിലെ ലൊക്കേഷനിൽ ദിലീപും പൾസർ സുനിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പിലൂടെ തയ്യാറാക്കിയതാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.
ദിലീപ് ജയിലിലായിരുന്നപ്പോൾ ശ്രീലേഖ ജയിൽ ഡി.ജി.പിയായിരുന്നു. ആ നിലയ്ക്ക് ശ്രീലേഖയെ ചോദ്യം ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.
അതിജീവിതയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി
യുവനടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സർക്കാർ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. അതിജീവിതയുടെ അഭിഭാഷക ടി.ബി മിനി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി മാറ്റിയത്. യുവനടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഹാഷ്വാല്യൂ മാറിയതിനെക്കുറിച്ചുള്ള ഫോറൻസിക് പരിശോധനാഫലം വന്നതായി അറിയുന്നെന്നും ഇതു സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ഹർജിക്കാരി വ്യക്തമാക്കി. തന്റെ ഹർജിയിൽ ഈ പരിശോധനാഫലത്തിന് പ്രാധാന്യമുള്ളതിനാൽ ഇക്കാര്യം പരിശോധിക്കാൻ സമയംവേണമെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു. തുടർന്നാണ് വെള്ളിയാഴ്ച ഹർജി പരിഗണിക്കാൻ മാറ്റിയത്. കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറികാർഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് അനാവശ്യ ആരോപണങ്ങളാണ് ഹർജിക്കാരി ഉയർത്തുന്നതെന്നും കുറേക്കൂടി ഗൗരവമായി വിഷയത്തെ സമീപിക്കണമെന്നും സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു.