df

കൊച്ചി: നിസ്വാർത്ഥ സാമൂഹ്യസേവനം വാവച്ചൻ താടിക്കാരന് (45) ജീവിതവ്രതമായിട്ട് ഒരു വ്യാഴവട്ടം പൂർത്തിയാകുന്നു. ഇല്ലായ്മയിലൂടെ വളർന്ന വാവച്ചൻ കൂലിപ്പണിയെടുത്തും ഓട്ടോറിക്ഷ ഓടിച്ചും കരുപ്പിടിപ്പിച്ച ജീവിതം ഇന്നൊരു കൊച്ചുപലചരക്ക് കടയിൽ കൊണ്ടുചെന്ന് കെട്ടിയിട്ടാണ് 'നന്മകളുടെ സുഗന്ധം' തേടിയുള്ള യാത്ര അഭംഗുരം തുടരുന്നത്.

കാലടിക്ക് സമീപം നെടുമ്പാശേരി റോഡിൽ പിരാരൂരിലാണ് 'വാവച്ചന്റെ പീടിക' എന്ന പലചരക്ക് കട. താടിക്കാരൻ എന്നത് വീട്ടുപേരാണെങ്കിലും വാവച്ചന് സുന്ദരമായൊരു കുറ്റിത്താടിയുള്ളതുകൊണ്ട് അതൊരു തർക്കവിഷയമല്ല. കർക്കടകം ഒന്നിന് പിരാരൂരിലെ 500 പേർക്ക് നല്ല ഒന്നാംതരം ഔഷധക്കഞ്ഞിയും ചെറുപയറും വിളമ്പാനുള്ള ഒരുക്കത്തിലാണ് വാവച്ചൻ. മുത്തങ്ങയിലെ ആദിവാസി മൂപ്പൻ വനാന്തരങ്ങളിൽ നിന്ന് ശേഖരിച്ച ഔഷധക്കൂട്ടുമായി എത്തും. അതുചേർത്താണ് കഞ്ഞിയുണ്ടാക്കുന്നത്. 500 പേർക്ക് കഞ്ഞിവിളമ്പുമെന്നത് ഒരു കൊട്ടത്താപ്പ് കണക്കല്ല. പിരാരൂർ ഗ്രാമത്തിലെ ഓരോ വീട്ടിലും വാവച്ചന്റെ ക്ഷണക്കത്ത് എത്തിയിട്ടുണ്ട്. അതിലുമുണ്ടൊരു കൗതുകം. ഇക്കാലത്ത് സഹകരണ ബാങ്കിന്റെ ജപ്തിഭീഷണിക്കത്തായി മാത്രം വീടുകളിൽ എത്താറുള്ള ഇൻലൻഡിലാണ് ക്ഷണക്കത്തയച്ചത്. നാട്ടിലെ പോസ്റ്റ് ഓഫീസിൽ ചെന്ന് 500 ഇൻലൻഡ് ചോദിച്ചപ്പോൾ പോസ്റ്റുമാസ്റ്റർ അന്തംവിട്ട് ഇരുന്നുപോയി. ആപ്പീസുമുഴുവൻ അരിച്ചു പെറുക്കിയിട്ടും 50 എണ്ണമേ കിട്ടിയുള്ളു. പിന്നീട് കാലടിയിലെയും പരിസരപ്രദേശങ്ങളിലേയും വിവിധ പോസ്റ്റ് ഓഫീസുകൾ കയറിയിറങ്ങിയാണ് ആവശ്യത്തിന് സാധനം സംഘടിപ്പിച്ചത്. അതുമായി വീട്ടിലെത്തി വോട്ടേഴ്സ് ലിസ്റ്രിൽ നിന്ന് വിലാസമെടുത്ത് നാട്ടുകാർക്കെല്ലാം കത്തെഴുതി. ക്ഷണക്കത്ത് കിട്ടിയ എല്ലാവരും കഞ്ഞികുടിക്കാൻ വരുമെന്ന കാര്യത്തിൽ വാവച്ചന് സംശയമില്ല.

12 വർഷം മുമ്പാണ് വാവച്ചൻ സാമൂഹ്യസേവനത്തിന് തുടക്കം കുറിച്ചത്. എന്നും മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലുമൊക്കെ സഹായം ചെയ്യുന്നത് ഇദ്ദേഹത്തിന് ഹരമാണ്. ഒന്നാം കൊവിഡ് ലോക്ക് ഡൗൺ കാലത്ത് മറ്റൂർ ജംഗ്ഷനിലും പിരാരൂരിലും 50,000 രൂപയുടെ മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. സ്വന്തം കടയിൽ നിന്ന് നൂറുകണക്കിന് പലചരക്ക് - പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു. കൊവിഡ് തരംഗം ആവർത്തിച്ചപ്പോഴെല്ലാം ജനങ്ങൾക്ക് മാസ്കും സാനിറ്റൈസറുമായി വാവച്ചനും പിന്തുടർന്നു. ഇത് എന്തോ മഹാമാരിയാണെന്ന് മലയാളികൾ വിശ്വസിച്ചിരുന്ന കാലത്ത് വാവച്ചന് കൊവിഡ് വന്നു. അന്ന് ഒരു നികൃഷ്ടജീവിയെപ്പോലെയാണ് നാട്ടുകാർ നോക്കിയത്. അതിൽനിന്നുള്ള വേദനമാറ്റാനാണ് കൊവിഡിനെതിരെ ലക്ഷങ്ങൾ ചെലവഴിച്ച് പ്രതിരോധം തീർത്തത്. തനിക്കുണ്ടായ ദുരന്തം മറ്റാർക്കും വരരുതെന്ന് കരുതി. കൊവിഡാനന്തരം സ്കൂൾ തുറന്നപ്പോൾ 90,000 രൂപയുടെ നോട്ട് ബുക്കുകൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു. കർക്കടകം ഒന്നിന് വൈകിട്ട് 5ന് പിരാരൂർ കവലയിൽ നടക്കുന്ന കഞ്ഞിവിതരണത്തിൽ എം.പിമാരായ ബെന്നി ബെഹനാൻ , ജെബി മേത്തർ, അൻവർസാദത്ത് എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും. അടുത്തയാഴ്ച നാട്ടിലെ സ്കൂൾ കുട്ടികൾക്കും കഞ്ഞിവിതരണമുണ്ട്.