കൊച്ചി: ഹൈക്കോടതി വിധി പ്രകാരം എറണാകുളം ജില്ലയിലെ നഗരപരിധിയിൽ ബസുകളും ഭാരവാഹനങ്ങളും ഓവർടേക്ക് ചെയ്യുന്നതും ഹോൺ മുഴക്കി ശബ്ദമലിനീകരണം ഉണ്ടാക്കുന്നതും നിരോധിച്ച് പൊലീസ് ഇറക്കിയ ഉത്തരവ് കാറ്റിൽപ്പറക്കുന്നു. നഗരത്തിലെ റോഡുകളിൽ ഹോൺമുഴക്കലും അപകടകരമായ ഓവർ ടേക്കിംഗും തടയില്ലാതെ തുടരുകയാണ്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ജൂലായ് 7ന് പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട പരിശോധനകൾ നടന്നെങ്കിലും കാര്യമായ നടപടികൾ സ്വീകരിക്കാതായതോടെ എല്ലാം പഴയപടിയായി.


സൈലന്റ് സോൺ ശബ്ദമുഖരിതം..

നഗരപരിധിയിലെ പ്രധാന റോഡുകൾക്ക് സമീപത്തെ കോടതികൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ എന്നിവയുടെ നൂറു മീറ്റർ ചുറ്റളവിൽ ഹോൺ മുഴക്കുന്നതാണ് നിരോധിച്ചത്. സ്റ്റേജ് ക്യാരിയറുകൾ, ഓട്ടോറിക്ഷകൾ, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടം തടയാനല്ലാതെ ഹോൺ മുഴക്കരുതെന്നായിരുന്നു നിർദേശം. ഈ സ്ഥലങ്ങൾ സൈലന്റ് സോൺ ആയി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ, ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് വാഹനങ്ങളുടെ ഹോൺ മുഴക്കൽ.

 ഓവറാണ് ഓവർടേക്കിംഗ്

സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തുകളിൽ ഇടതുവശം ചേർന്ന് മാത്രം സഞ്ചരിക്കണമെന്നും ഓവർടേക്കിംഗ് പാടില്ലെന്നുമുള്ള നിർദേശവും നടപ്പിലാകുന്നില്ല. തോന്നിയതുപോലെയാണ് ഈ വാഹനങ്ങളുടെ സഞ്ചാരം. അമിത വേഗവും യഥേഷ്ടം തുടരുന്നു.

കൊച്ചി നഗരത്തിൽ ടൂറിസ്റ്റ് ഉൾപ്പെടയുള്ള സ്വകാര്യ ബസുകൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ഒരു മണിക്കൂറിനിടെ 175 ബസുകൾ നിയമലംഘനത്തിന് പിടിയിലായിരുന്നു.