കൊച്ചി: ആലുവ തായിക്കാട്ടുകരയിലെ ഇബ്‌നുസീന മെഡിക്കേഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന പരാതി പരിഗണിച്ച് രണ്ടുമാസത്തിനകം സർക്കാർ ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് രാജു തോമസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്.

തായിക്കാട്ടു കരയിലെ സ്ഥാപനത്തിൽനിന്ന് പാരമ്പര്യ ആയുർവേദ മരുന്നുകളിലും ചികിത്സയിലും ഡിപ്ളോമ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്നും ഈ കാര്യങ്ങൾ വ്യക്തമാക്കി പരാതി നൽകിയിട്ടു നടപടിയുണ്ടായില്ലെന്നുമാണ് ഹർജിയിലെ ആരോപണം. ഹർജിക്കാൻ സമർപ്പിച്ച രേഖകൾ പരിശോധിച്ചതിൽനിന്ന് അടിയന്തരമായി പരിശോധിക്കേണ്ട വിഷയമാണെന്ന് കോടതിക്ക് തോന്നുന്നു. ആരോപണങ്ങൾ ഉചിതമായ ഗൗരവത്തോടെ പരിശോധിച്ച് നടപടിയെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉചിതമായ നടപടിക്കായി ഹർജിക്കാരൻ ഹർജിയുടെയും വിധിന്യായത്തിന്റെയും പകർപ്പുകൾ അധികൃതർക്ക് കൈമാറണം.