കളമശേരി: അറവു മാംസാവശിഷ്ടങ്ങൾ കയറ്റിവന്ന ലോറി പുഴുവരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് പൊലീസ് നടപടി എടുത്തു. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ വെള്ളം പമ്പ് ചെയ്ത് റോഡും പരിസരവും വൃത്തിയാക്കി. ബുധനാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് എടയാറിലെ എല്ല് സംസ്കരണ ഫാക്ടറിയിലേക്ക് വന്ന ലോറി ഡ്രൈവർക്ക് വഴി മനസ്സിലാകാഞ്ഞതിനെ തുടർന്ന് കളമശേരി ഡംപിംഗ് യാർഡിനടുത്ത് കണ്ടെയനർ റോഡ് തുടങ്ങുന്ന സ്ഥലത്ത് പാർക്ക് ചെയ്ത് കിടന്നുറങ്ങി. രാവിലെ 6 ന് ഡംപിംഗ് യാർഡിലെ തൊഴിലാളികളാണ് വാഹനവും റോഡും നിറയെ പുഴുക്കളും ചോരയും കലർന്ന ദുർഗന്ധം വമിക്കുന്ന ദ്രാവകം ഒഴുകി റോഡിൽ പരക്കുന്നത് കണ്ടത്. തുടർന്ന് എല്ലാവരേയും വിവരമറിയിക്കുകയായിരുന്നു. റോഡിലൂടെ ഒഴുകിയ കൊഴുത്ത ദ്രാവകത്തിൽ തെന്നി വീണ് പത്തോളം ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്ക് പറ്റി. നഗരസഭ കൗൺസിലർമാരായ റഫീക്ക് മരക്കാർ, സലിം പതുവന എന്നിവരുടെ നേതൃത്വത്തിൽ കുമ്മായം വിതറി വഴുക്കൽ മാറ്റി. തിരുവനന്തപുരം സ്വദേശിയായ ഡ്രൈവർ അജീഷ് (30) നെതിരെ പൊലീസ് കേസ് എടുക്കുകയും ലോറി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.