
കൊച്ചി: ജില്ലയിലെ ഗതാഗതരംഗത്ത് കുതിപ്പ് നൽകുന്ന സീപോർട്ട്- എയർപോർട്ട് റോഡ് നിർമ്മാണത്തിന് പുതുവേഗം നൽകി അഞ്ചേക്കർ സ്ഥലം പ്രതിരോധ വകുപ്പിൽ നിന്ന് വിട്ടുകിട്ടാൻ വഴിയൊരുങ്ങി. കളമശേരി മുതൽ നെടുമ്പാശേരി വിമാനത്താവളം വരെ 14.3 കിലോമീറ്റർ റോഡ് നിർമ്മാണവും പൂർത്തിയാക്കാൻ നടപടികൾ ഉൗർജിതമാക്കി.
തൃപ്പൂണിത്തുറയിൽ ആരംഭിച്ച റോഡ് കളമശേരി എച്ച്.എം.ടി വരെയാണ് പൂർത്തിയായത്. എച്ച്.എം.ടിയുടെയും പ്രതിരോധ വകുപ്പിന്റെയും സ്ഥലം വിട്ടുകിട്ടലാണ് റോഡ് പൂർത്തിയാക്കാൻ പ്രധാന കടമ്പ. പ്രതിരോധ മന്ത്രാലയത്തിലെ നേവൽ ആർമമെന്റ് ഡിപ്പോ (എൻ.എ.ഡി) യുടെ ലാൻഡ് ട്രാൻസ്‌ഫർ ബോർഡ് യോഗം 18ന് ചേരും. സർക്കാർ അഭ്യർത്ഥന പ്രകാരം സ്ഥലം വിട്ടുനൽകാൻ ബോർഡ് പ്രതിരോധ മന്ത്രാലയത്തിന് ശുപാർശ നൽകുമെന്നാണ് പ്രതീക്ഷ. ശുപാർശ അനുകൂലമായാൽ അഞ്ചേക്കർ സ്ഥലം വിട്ടുകിട്ടും. 410 മീറ്റർ റോഡാണ് എൻ.എ.ഡിയുടെ സ്ഥലത്തുകൂടി കടന്നുപോകുന്നത്.
റോഡ് നിർമ്മാണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ കേരള (ആർ.ബി.ഡി.സി.കെ)യാണ് സ്ഥലം വിട്ടുകിട്ടാൻ നടപടികൾ സ്വീകരിച്ചത്.
 എച്ച്.എം.ടിയിലും കടമ്പ
കളമശേരി എച്ച്.എം.ടിയിൽ നിന്ന് നാലേക്കർ സ്ഥലം വിട്ടുകിട്ടുകയാണ് അടുത്ത കടമ്പ. റോഡിന്റെ 400 മീറ്റർ എച്ച്.എം.ടിയുടെ സ്ഥലത്തു കൂടിയാണ്. സംസ്ഥാന സർക്കാർ എച്ച്.എം.ടിക്ക് വിട്ടുകൊടുത്ത സ്ഥലം തിരികെ നൽകില്ലെന്ന നിലപാടിലാണ് എച്ച്.എം.ടി. സർക്കാരിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിട്ടെങ്കിലും എച്ച്.എം.ടി. സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അനുകൂലവിധി നൽകുമെന്നാണ് പ്രതീക്ഷ.
 പണിതത് 25.7ൽ 11.3 കിലോമീറ്റർ
ഇരുമ്പനം മുതൽ വിമാനത്താവളം വരെ 25.7 കിലോമീറ്ററാണ് സീപോർട്ട് എയർപോർട്ട് റോഡ്. ഇരുമ്പനം -കളമശേരി 11.3 കിലോമീറ്റർ 2003ൽ പൂർത്തിയായി. കളമശേരി മുതൽ എയർപോർട്ട് വരെ 14.3 കിലോമീറ്റർ ഭാഗത്താണ് തടസം. എച്ച്.എം.ടി., എൻ.എ.ഡി ഭാഗത്തെ 2.7 കിലോമീറ്ററിൽ 1.9 കിലോമീറ്റർ പൂർത്തിയായി.
 എൻ.എ.ഡി മഹിളാലയം ഭാഗം
എൻ.എ.ഡി മുതൽ മഹിളാലയം 6.5 കിലോമീറ്റർ റോഡിന് സ്ഥലം ഏറ്റെടുക്കണം. ചൂർണിക്കര, തൃക്കാക്കര നോർത്ത്, കീഴ്‌മാട്, ആലുവ വെസ്റ്റ് വില്ലേജുകളിലാണ് സ്ഥലമേറ്റെടുക്കേണ്ടത്. നഷ്ടപരിഹാരം നൽകാൻ 450 കോടി രൂപ കിഫ്ബി അനുവദിച്ചിട്ടുണ്ട്.
 മഹിളാലയം -എയർപോർട്ട്
മഹിളാലയം മുതൽ ചൊവ്വര വരെ ഒരു കിലോമീറ്റർ പൂർത്തിയായി. രണ്ട് പാലങ്ങളും നിർമ്മാണം പൂർത്തിയായി. ബാക്കി നാലു കിലോമീറ്ററിൽ സർവേ ഉടൻ തുടങ്ങും.
 റവന്യൂ വകുപ്പ്, ദക്ഷിണ നാവികത്താവളം, എൻ.എ.ഡി എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ വേഗത്തിലാക്കി. സ്ഥലം ഏറ്റെടുത്താൽ മൂന്ന് മാസം കൊണ്ട് പല ഭാഗങ്ങളും പൂർത്തിയാക്കാനാകും."
എസ്. സുഹാസ്
മാനേജിംഗ് ഡയറക്ടർ
ആർ.ബി.ഡി.സി.കെ