
 ഡൽഹിയിൽ നടന്ന സൗന്ദര്യ മത്സരത്തിൽ വിജയിയായി പെരുമ്പളം സ്വദേശി ഉജ്ജ്വൽ
കൊച്ചി: പെരുമ്പളം ദ്വീപിൽ സൗന്ദര്യ മത്സരത്തിന്റെയും മോഡലിംഗിന്റെയും ലോകത്തേക്ക് ഉജ്ജ്വലമായി വരവറിയിക്കുകയാണ് ഉജ്ജ്വൽ ഉദയൻ എന്ന 18കാരൻ. ഡൽഹിയിൽ സ്റ്റാർ എന്റർടെയ്ൻമെന്റ് പ്രൊഡക്ഷൻ സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് ഫേസ് ഒഫ് ഇന്ത്യ 2022ലെ മിസ്റ്റർ ഫേസ് ഒഫ് ഇന്ത്യ വിഭാഗത്തിൽ ഫേസ് ഒഫ് ഇന്ത്യ മിസ്റ്റർ കേരളയായി ഉജ്ജ്വൽ ഉദയൻ.
ചെറുപ്പം മുതൽ മോഡലിംഗിനോട് താത്പര്യമുണ്ടായിരുന്ന ഉജ്ജ്വൽ ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യത്തിലൂടെയാണ് ഈ മത്സരത്തിലേക്ക് എത്തിയത്. കേരളത്തിൽ പങ്കെടുത്ത മുപ്പതോളം പേരിൽ രണ്ട് പേർക്കായിരുന്നു സെലക്ഷൻ. ഡൽഹിയിൽ മൂന്ന് ദിവസത്തെ ഗ്രൂമിംഗ് പിന്നാക്കപ്രദേശമായ പെരുമ്പളം ദ്വീപിലെ സാധാരണ കുടുംബത്തിൽ പിറന്ന് കേരള സിലിബസിൽ പഠിച്ച ഉജ്ജ്വലിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല.
180 പേർ പങ്കെടുത്ത മത്സരത്തിലാണ് ഉജ്ജ്വൽ നേട്ടമുണ്ടാക്കിയത്.
റാംപ് വാക്ക്, സ്വയം പരിചയപ്പെടുത്തൽ, നാഷണൽ കോസ്റ്റ്യൂം, പോർട്ട്‌ഫോളിയോ, ഫോർമൽ റൗണ്ട് എന്നിങ്ങനെ അഞ്ച് റൗണ്ടുകളിലായിരുന്നു മത്സരം. വിജയിക്കുന്നവർക്ക് ഫാഷൻ, മോഡലിംഗ് രംഗത്ത് നിരവധി അവസങ്ങൾ ലഭിക്കുമെന്ന് ഉജ്ജ്വൽ പറയുന്നു. ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് പ്ലസ് ടുവിന് ഉജ്ജ്വല വിജയം നേടിയ ഈ മിടുക്കൻ ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അച്ഛൻ ഉദയനും അങ്കണവാടി അദ്ധ്യാപികയായ അമ്മ ശർമിളയും മകന്റെ ആഗ്രഹങ്ങൾക്ക് പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.
 ഗ്രൂമിംഗും വലിയ ആത്മവിശ്വാസം നൽകി. ഇനിയും ഇത്തരം നിരവധി മത്സരങ്ങളിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം.
ഉജ്ജ്വൽ