ഹൈക്കോടതിയുടെ ഇടപെടൽ കേരളകൗമുദി വാർത്തയെത്തുടർന്ന്
കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് കർക്കടക വാവിന് ബലിതർപ്പണം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് രാവിലെ 11ന് റവന്യൂ, പൊതുമരാമത്ത്, പൊലീസ്, ആലുവ നഗരസഭ, കെ.എസ്.ആർ.ടി.സി തുടങ്ങിയവയുടെ യോഗം വിളിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജൂലായ് 11ന് ദേവസ്വംബോർഡ് വിളിച്ചുചേർത്ത യോഗത്തിൽ ഈ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തില്ലെന്നും യോഗം പ്രഹസനമായെന്നും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപെട്ട ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വിഷയം സ്വമേധയാ ഹർജിയായി പരിഗണിക്കുകയായിരുന്നു.
ജില്ലാ കളക്ടർ ജൂലായ് ഏഴിന് വിളിച്ചുചേർത്ത യോഗത്തിൽ ദേവസ്വം ബോർഡിന്റെ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യം യോഗത്തിൽ ചർച്ചയായപ്പോൾ ജൂലായ് 15നകം മറ്റൊരുയോഗം വിളിക്കുമെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ദേവസ്വംബോർഡ് സ്വന്തം നിലയ്ക്ക് യോഗം വിളിച്ചത്. ഇത് പ്രഹസനമായതോടെയാണ് കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഇടപെട്ടത്.
നേരത്തെ ആലുവ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള ബലിത്തറകൾ ലേലം ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ബലിത്തറ ലേലത്തിലെ തർക്കത്തെക്കുറിച്ച് കഴിഞ്ഞ ഫെബ്രുവരി 17ന് കേരളകൗമുദി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്നും ഹൈക്കോടതി ഇടപെട്ടത്. ബലിത്തറകൾ ദേവസ്വംബോർഡ് ലേലംചെയ്തു നൽകണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ അന്ന് ഡിവിഷൻബെഞ്ച് നൽകിയതാണ്. ബലിത്തറകളിൽ കർമ്മംചെയ്യാൻ ചുമതലയുള്ള പുരോഹിതർക്ക് ഫോട്ടോപതിച്ച തിരിച്ചറിയൽകാർഡ് നൽകണം, പുരോഹിതർ ഈ കാർഡ് നിർബന്ധമായും ധരിക്കണം, ബലി തർപ്പണവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് ജില്ലാ പൊലീസ് സൂപ്രണ്ടും ആലുവ സ്റ്റേഷൻ ഹൗസ് ഓഫീസറും ഉറപ്പാക്കണം, മതിയായ പൊലീസുകാരെ നിയോഗിക്കണം, നിലവിലുള്ള സ്ഥിരം സി.സി ടിവി കാമറകൾക്കു പുറമേ താത്കാലിക കാമറകൾ സ്ഥാപിക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും അന്ന് നൽകിയിരുന്നു.
കർക്കടക വാവുബലിയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്കായി ദേവസ്വംബോർഡിന് മതിയായ സഹായങ്ങൾ നൽകാമെന്ന് റവന്യൂ, പൊലീസ് അധികൃതരും ആലുവ നഗരസഭയും ഹൈക്കോടതിയിൽ ഉറപ്പുനൽകി. ആലുവ ശിവക്ഷേത്രത്തിലെ പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും ഇതുവരെ തുടർന്ന രീതിയിൽ ഉചിതമായി നടത്തേണ്ട ബാദ്ധ്യത തിരുവിതാംകൂർ ദേവസ്വം ബോർഡിനാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.