മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന് കീഴിലെ നാഷണൽ ഹെൽത്ത് മിഷൻ മൂവാറ്റുപുഴ നഗരസഭയിൽ രണ്ട് പുതിയ ആരോഗ്യ ഉപകേന്ദ്രങ്ങൾ അനുവദിച്ചു. നഗരസഭാ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചതാണ് ഇക്കാര്യം

കുര്യൻമലയിലും രണ്ടാർകരയിലുമാണ് പുതിയ ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നത്. ഇത് സംബന്ധിച്ച് നഗരസഭാ ചെയർമാൻ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു. ജനസംഖ്യ,

ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവ കണക്കിലെടുത്താണ് കുര്യൻമലയിലും രണ്ടാർകരയിലും സെന്റർ തുറക്കാൻ തീരുമാനിച്ചത്.

ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചു. മരുന്നു വാങ്ങുന്നതിന് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ അ‍ഞ്ച് ലക്ഷവും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് രണ്ടു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നഗരസഭാ ഉടമസ്ഥതയിലെ കെട്ടിടങ്ങളിലാണ്

പുതിയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. കുര്യൻമല വനിതാ വ്യവസായ കേന്ദ്രം ബിൽഡിംഗിലും മണിയംകുളം കവലയിൽ നഗരസഭയുടെ ഉടമസ്ഥതയിലെ

കെട്ടിടത്തിലും സെന്ററുകൾ പ്രവർത്തിക്കും. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ രാത്രി എട്ട് വരെയാകും പ്രവർത്തനസമയം. ഓരോ ആരോഗ്യ കേന്ദ്രത്തിലും ഓരോ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. ഫാർമസിസ്റ്റ് അല്ലെങ്കിൽ സ്റ്റാഫ് നഴ്സ്, ഇതര ജോലികൾക്കായി ജീവനക്കാരൻ, സഹായികളായി രണ്ട് ജീവനക്കാർ എന്നിവരുമുണ്ടാകും. ടെലി മെഡിസിൻ സംവിധാനവും ഏർപ്പെടുത്തും. ഇതിനായി നാല് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

രണ്ടാർകരയിലെയും കുര്യൻമലയിലെയും ആളുകൾ മൂവാറ്റുപുഴ ജനറൽ ആശുപത്രിയെയാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ആരോഗ്യ ഉപകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ പ്രശ്നത്തിന് പൂർണ പരിഹാരമാകും.

പി.പി. എൽദോസ്,​

നഗരസഭ ചെയർമാൻ