മൂവാറ്റുപുഴ: ഭവന നിർമാണത്തിന് അഞ്ച് കുടുംബങ്ങൾക്ക് കൈത്താങ്ങായി പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രി. പിതാവിന്റെ ചരമവാർഷിക ദിനത്തിൽ പായിപ്ര പഞ്ചായത്തിലെ അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമ്മിക്കാൻ ഹോസ്‌പിറ്റൽ ഉടമ ഡോ.സബൈൻ ഒരു ലക്ഷം രൂപ വീതം നൽകി. ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ അതിഥി വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഭവന നിർമ്മാണ സഹായധന വിതരണം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. ഡോ. സബൈൻ അദ്ധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബഷീർ, പഞ്ചായത്ത് അംഗങ്ങളായ എം.സി.വിനയൻ, നെജി ഷാനവാസ്, മുൻ അംഗങ്ങളായ വി.എം.നവാസ്, വി.എച്ച്.ഷഫീക്, എൻ.എം.നാസർ, കെ.കെ.ഉമ്മർ, വി.എം.നാസർ, ആശുപത്രി സീനിയർ അഡ്മിനിസ്ട്രേറ്റർ യു.കൃഷ്ണചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.