
#വീടൊരുക്കാൻ സുമനസുകളുടെ സഹായം വേണം
ആലുവ: ആലുവ ജനസേവ ശിശുഭവനിലെ അന്തേവാസിയായി വളർന്ന് സന്തോഷ് ട്രോഫിയിലൂടെ നാടിന്റെ അഭിമാനമായ ബിബൻ അജയന് സ്വന്തമായി വീട് നിർമ്മിക്കാൻ ജനസേവ ശിശുഭവൻ ഏഴ് സെന്റ് സ്ഥലം നൽകും. ജനസേവ മാനേജിംഗ് കമ്മിറ്റിയുടെ സമ്മതപത്രം ജനസേവ സ്ഥാപകൻ ജോസ് മാവേലി, പ്രസിഡന്റ് അഡ്വ. ചാർളിപോൾ എന്നിവർ ചേർന്ന് ബിബിൻ അജയന് കൈമാറി. രണ്ടാഴ്ച്ചക്കകം ഭൂമി ആധാരം ചെയ്ത് നൽകുമെന്ന് ജോസ് മാവേലി 'കേരളകൗമുദി'യോട് പറഞ്ഞു.
അത്താണി മേയ്ക്കാട് നേരത്തെ ബോയിസ്‌ഹോം പ്രവർത്തിച്ചിരുന്ന കോമ്പൗണ്ടിലാണ് സ്ഥലം നൽകുന്നത്. അമ്മയെയും വിവിധ അഗതിമന്ദിരങ്ങളിലായി കഴിയുന്ന സഹോദരങ്ങളായ റീതു, കാവ്യ, ഭുവനേശ്വരി, അഖിൽ, സൂധീഷ്, ആദിത്യൻ എന്നിവർക്കും ഒരുമിക്കാൻ തങ്ങൾ പഠിച്ചുവളർന്ന മണ്ണ് തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബിബിൻ.
ഇവർക്കെല്ലാം ഒരുമിക്കാൻ ബിബിന് വീട് എന്ന സ്വപ്നം കൂടി പൂവണിയണം. എന്നാൽ ജനസേവ നൽകിയ സ്ഥലത്ത് വിടൊരുക്കാൻ സുമനസുകളുടെ സഹായം വേണം. 2006 ജൂൺ 27നാണ് ബിബിന്റെയും സഹോദരങ്ങളുടേയും സംരക്ഷണം ജനസേവ ഏറ്റെടുത്തത്. കൊല്ലം സ്വദേശിനി വസന്തയുടെയും നെടുമങ്ങാട് ആനപ്പാറ സ്വദേശി അജയന്റെയും മകനാണ് ബിബിൻ. കൂലിപ്പണിയ്ക്കായി പലയിടങ്ങളിലും ചുറ്റിക്കറങ്ങിയ ഇവർ മക്കളോടൊപ്പം തെരുവോരങ്ങളിലാണ് അന്തിയുറങ്ങിയിരുന്നത്. മദ്യപാനിയായ അജയന്റെ മർദ്ദനത്തെത്തുടർന്ന് രക്തം വാർന്ന് തേവരയിലുള്ള കടത്തിണ്ണയിൽ കിടന്നിരുന്ന വസന്തയെക്കുറിച്ച് ചില സാമൂഹ്യപ്രവർത്തകരാണ് ജനസേവയെ അറിയിച്ചത്. പൂർണ്ണ ഗർഭിണിയായ വസന്തയെ ജനസേവ പ്രവർത്തകർ ഉടൻ ആശുപത്രിയിലെത്തിച്ചു. അജയനോടൊപ്പം ജീവിക്കാനാകില്ലെന്നും മക്കളുടെ സംരക്ഷണം ജനസേവ ഏറ്റെടുക്കണമെന്നുമുള്ള വസന്തയുടെ അപേക്ഷപ്രകാരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവനുസരിച്ച് ജനസേവ ഏറ്റെടുത്തത്.
2008ൽ ജോസ് മാവേലി ആരംഭിച്ച ജനസേവ സ്‌പോട്‌സ് അക്കാഡമിയിലെ ചിട്ടയായ പരിശീലനത്തിലൂടെയാണ് ബിബിൻ ഫുട്‌ബോൾ കളിയിലേക്കിറങ്ങുന്നത്. ജില്ലാ സബ് ജൂനിയർ ഫുട്‌ബാൾ ടീമിന്റെയും സംസ്ഥാന ജൂനിയർ ഫുട്‌ബാൾ ടീമിന്റെയും ക്യാപ്റ്റനായി. ആലുവ യു.സി കോളജിൽ ബരുദപഠനം തുടരുന്നതിനിടയിലാണ് ബിബിന് ഝാർഖണ്ട് ടീമിലും പിന്നീട് കേരള സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചത്.