ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് എതിർവശം തടി ലോറിയിൽ നിന്ന് മരം മറിഞ്ഞുവീണ് രണ്ട് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. ശിഖിരം ഉടക്കിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഇന്നലെ പുലർച്ചെ 5.30ഓടെയാണ് സംഭവം. പുലർച്ചെയായതിനാൽ റോഡിൽ വാഹനങ്ങളും ആളുകളും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
പാറശാലയിൽ നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയിലെ തടികൾ തണൽമരത്തിന്റെ വലിയ കൊമ്പ് കുടുങ്ങുകയായിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ ലോറി മുന്നോട്ടെടുത്തപ്പോൾ മരം കടപുഴകി വൈദ്യുതി കമ്പികളിലേക്ക് മറിഞ്ഞു. ഇതോടെ കമ്പികൾ പൊട്ടുകയും രണ്ട് പോസ്റ്റുകൾ മറിയുകയും ചെയ്തു.
കമ്പികൾ പൊട്ടിയയുടൻ വൈദ്യുതി ബന്ധം നിലച്ചതിനാൽ അപകടം ഒഴിവായി. സ്വകാര്യ കേബിളുകളും ഉണ്ടായിരുന്നു. അപകടത്തെ തുടർന്ന് നിർത്താതെപോയ ലോറി സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പിന്തുടർന്ന് പെരുമ്പാവൂർ റോഡിൽ ചൊവ്വര വച്ച് പിടികൂടി. തുടർന്ന് പൊലീസിന് കൈമാറി.
അപകടത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തിരിച്ചുവിട്ടു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസുകൾ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുമുണ്ടായി. ആലുവ ടൗൺ കെ.എസ്.ഇ.ബി സെക്ഷൻ അധികൃതർ നൽകിയ പരാതിയെ തുടർന്ന് ലോറി ഡ്രൈവർക്കെതിരെ അലക്ഷ്യമായി വാഹനം ഓടിച്ചതിന് കേസെടുത്തതായി സി.ഐ എൽ. അനിൽകുമാർ പറഞ്ഞു. കെ.എസ്.ഇ.ബിക്ക് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി അസി. എൻജിനിയർ കെ.ബി. റസൽ പറഞ്ഞു.