 ഹോട്ടൽ ഉടമ ഗുരുതരാവസ്ഥയിൽ

ആലുവ: മൊബൈൽ ചാർജ് ചെയ്യുന്ന പവർബാങ്ക് നൽകാത്തതിന്റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ ക്രൂരമായി മർദ്ദിച്ച ശേഷം ഹോട്ടൽ തല്ലിത്തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ ആലുവ പൊലീസിന്റെ പിടിയിലായതായി സൂചന. പുളിഞ്ചോട് മെട്രോസ്റ്റേഷന് സമീപം മൈ ടർക്കിഷ് മന്തിയിൽ ബുധനാഴ്ച്ച രാത്രി 12 നായിരുന്നു അക്രമണം. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹോട്ടൽ ഉടമ അമ്പാട്ടുകാവ് സ്വദേശി ദിലീപ് (48)നെ പാലാരിവട്ടം റിനൈമെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. എടത്തല, പേങ്ങാട്ടുശേരി, കോമ്പാറ സ്വദേശികളാണ് അക്രമണം നടത്തിയത്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചെന്നും ഉടൻ വലയിലാകുമെന്നും സി.ഐ എൽ.അനിൽകുമാർ പറഞ്ഞു.

ചൊവ്വാഴ്ച്ച രാത്രി അക്രമിസംഘം ഭക്ഷണം പാർസൽ വാങ്ങാനെത്തി. ഹോട്ടലിന് മുമ്പിൽ കാർ പാർക്ക് ചെയ്ത ശേഷം ഹോട്ടൽ ജീവനക്കാരനെ പുറത്തേക്ക് വിളിച്ച് ഓർഡർ നൽകി. പാർസൽ വാങ്ങിയ ശേഷം പണം നൽകാതെ മടങ്ങി. ബുധനാഴ്ച്ചയും ഭക്ഷണം വാങ്ങാനെത്തിയപ്പോൾ പണം നൽകിയ ശേഷം പാർസൽ നൽകിയാൽ മതിയെന്ന് ദിലീപ് ജീവനക്കാർക്ക് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് പ്രതികൾ പണം ഗൂഗിൾ പേ ചെയ്ത് നൽകി. പിന്നീട് മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ പവർബാങ്ക് വാങ്ങി. അതുമായി പോകാൻ ഒരുങ്ങിയപ്പോൾ ഉടമ ബലം പ്രയോഗിച്ച് തിരികെ വാങ്ങി.

അരമണിക്കൂറിനകം തിരിച്ചെത്തിയ പ്രതികൾ കൗണ്ടറിലിരുന്ന ദിലീപിനെ കമ്പിവടിക്ക് അടിക്കുകയായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഒരാൾ രംഗം മൊബൈൽ ചിത്രികരിച്ചപ്പോൾ ഇയാളെ ഭീഷണിപ്പെടുത്തി ഓടിച്ചു. മറ്റൊരാളും ജീവനക്കാരും ഹോട്ടലിന് പിന്നിലൂടെ ഓടിരക്ഷപ്പെട്ടു. ദിലീപിന്റെ തലയിൽ പത്ത് തുന്നലുണ്ട്. വലതുകൈയ്യും ഒടിഞ്ഞു. മേശ, കസേര, അലമാര എന്നിവയും തല്ലിത്തകർത്തു. ആലുവയിൽ സ്വകാര്യ ബസ് സർവീസ് നടത്തുന്നയാളുടെ സഹോദരനാണ് പ്രതികളിൽ ഒരാളെന്ന് വ്യക്തമായിട്ടുണ്ട്.

 പ്രതികളെ അറസ്റ്റ് ചെയ്യണം

ഹോട്ടൽ ആക്രമിച്ച് ഉടമയെ മർദ്ദിച്ച കേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധയോഗവും ചേർന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറി പി.എ.മുഹമ്മദ് നാസർ പറഞ്ഞു.