
കൊച്ചി: 18 വയസിനു മുകളിലുള്ളവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായി നൽകുന്ന കൊവിഡ് കരുതൽ ഡോസ് വാക്‌സിനേഷൻ ഇന്ന് മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കുമെന്ന് വാക്‌സിനേഷൻ നോഡൽ ഓഫീസർ ഇൻചാർജ് ഡോ. സിസി അറിയിച്ചു.
രണ്ടാം ഡോസ് വാക്‌സിൻ എടുത്തശേഷം ആറുമാസം പൂർത്തിയാക്കിയവർക്കാണ് കരുതൽ ഡോസ് സ്വീകരിക്കാൻ കഴിയുക. തിങ്കളാഴ്ച മുതൽ കൂടുതൽ വാക്‌സിൻ ലഭിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്തംബർ 30വരെ സർക്കാർ കേന്ദ്രങ്ങളിൽ കരുതൽ ഡോസ് സൗജന്യമായി നൽകാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.
ജില്ലയിൽ ഈ വിഭാഗത്തിലുള്ള 10 ലക്ഷം പേർക്കാണ് വാക്‌സിൻ നൽകേണ്ടിവരുക. ഇതിൽ 2,74,718 ലക്ഷം പേർ ഇതിനോടകം കരുതൽ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. ഇതിൽ 18മുതൽ 59വയസുവരെ പ്രായമുള്ളവരിൽ 37,000ലേറെപ്പേരാണ് കരുതൽ ഡോസ് സ്വീകരിച്ചത്. ജില്ലയിലാകെ 12,000 കൊവീഷീൽഡ് വാക്‌സിനും 8,000 കൊവാക്‌സിനുമാണ് സ്റ്റോക്കുള്ളത്. ജില്ലയിൽ ഇന്ന് 60കേന്ദ്രങ്ങളിലാണ് വാക്‌സിനേഷൻ ബാക്കിയുള്ളത്. കൊവീഷീൽഡ് 34 കേന്ദ്രങ്ങളിലും, കൊവാക്‌സിൻ 16 കേന്ദ്രങ്ങളിലും കോർബെ വാക്‌സ് 10കേന്ദ്രങ്ങളിലും വിതരണം ചെയ്യും.