തൃക്കാക്കര: കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിന് കണ്ടെത്തിയ സ്ഥലം നികത്തുന്നതിന്റെ ചെലവ് ഏറ്റെടുക്കാൻ നഗരസഭ തീരുമാനിച്ചു. നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം.ഇതിനായി നാലുകോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു.

കേന്ദ്രീയ വിദ്യാലയത്തിന്റെ മറവിൽ തണ്ണീർത്തടങ്ങൾ നികത്താൻ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു ആവശ്യപ്പെട്ടു. കേന്ദ്രീയ വിദ്യാലയത്തിന് വേറെ സ്ഥലം ലഭ്യമാകുമോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാടശേഖരങ്ങൾ നികത്തിയാൽ തെങ്ങോട്,നവോദയ തുടങ്ങിയ തൃക്കാക്കരയുടെ കിഴക്കൻ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് പ്രതിപക്ഷ കൗൺസിലർ എം.ജെ.ഡിക്സൺ, വാർഡ് കൗൺസിലർ സുനി കൈലാസൻ എന്നിവർ പറഞ്ഞു.പഴങ്ങാട്ടുചാൽ പദ്ധതിക്കായി നീക്കിവച്ച സ്ഥലം അനുവദിക്കുന്നതിനെതിരെ കൗൺസിലർമാരായ പി.സി മനൂപ്, ജിജോ ചങ്ങംതറ എന്നിവർ രംഗത്തെത്തി. നിർദിഷ്ട സ്ഥലത്തെ കുളങ്ങളും തണ്ണീർച്ചാലുകളും സംരക്ഷിച്ചുവേണം പദ്ധതി നടപ്പിലാക്കാനെന്ന് ഷാജി വാഴക്കാല പറഞ്ഞു. കേന്ദ്രീയ വിദ്യാലയത്തിന് കണ്ടെത്തിയ ഇടത്ത് എട്ടേക്കർ സ്ഥലമുണ്ട്. കേന്ദ്രീയ വിദ്യാലയത്തിന് നാലേക്കർ സ്ഥലം മതി. അവശേഷിക്കുന്ന സ്ഥലത്ത് കൺവെൻഷൻ സെന്റർ സ്ഥാപിക്കാൻ സർക്കാരിനെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ആശുപത്രിയുടെ ലൈസൻസ് പുതുക്കിനൽകാൻ മുനിസിപ്പൽ സെക്രട്ടറി തീരുമാനിച്ചതിനെതിരെ ഭരണപക്ഷ കൗൺസിലർമാർ രംഗത്തെത്തി. വാടക കുടിശ്ശിക വരുത്തിയതായി ആരോപിച്ചായിരുന്നു നഗരസഭാ ഭരണസമിതി ലൈസൻസ് നൽകാത്തത്.എന്നാൽ താൻ ലൈസൻസ് നൽകാൻ ശുപാർശ ചെയ്യുക മാത്രമാണ് ചെയ്തതെന്ന് സെക്രട്ടറി ബി.അനിൽകുമാർ കൗൺസിലിനെ അറിയിച്ചു. പതിറ്റാണ്ടുകളായി മണ്ണിടിച്ചിൽ ഭീതിയിൽ കഴിയുന്ന അത്താണി കീരേലിമല കോളനിയിലെ കുടുംബങ്ങൾക്ക് കളക്ടറുടെ നിർദേശപ്രകാരം മൂന്ന് മാസത്തേക്ക് പ്രതിമാസം 5,000 രൂപ വാടക നൽകാൻ കൗൺസിൽ തീരുമാനിച്ചു. ഇവരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് വാർഡ് കൗൺസിലർ ഷീന ഉമ്മർ പറഞ്ഞു. വാർഡിലെ ഏക ജലസ്രോതസായ പൊയ്യച്ചിറ കുളത്തിന് സമീപത്താണ് നിർദിഷ്ട സ്ഥലം.പകരം നഗരസഭയുടെ ഉടമസ്ഥതയിലുളള വാണാച്ചിറയിലെ സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടു.

പ്രതിപക്ഷം വിയോജനം രേഖപ്പെടുത്തി

കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി കണ്ടെത്തിയ സ്ഥലം നികത്തുന്നതിന് നഗരസഭ നാലുകോടി അനുവദിച്ചതിൽ പ്രതിപക്ഷ കൗൺസിലർമാർ വിയോജനം രേഖപ്പെടുത്തി.പദ്ധതിക്കായി ഭൂമി നികത്തണമെങ്കിൽ സർക്കാകർ അനുമതി ആവശ്യമാണ്.കൂടാതെ മണ്ണിട്ട് നികത്തുന്നതിന് ഈസ്റ്റിമേറ്റ് എടുക്കാതെ തുക അനുവദിക്കുന്നതിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിയോജനക്കുറിപ്പ് നൽകിയത്.