കൊച്ചി: എറണാകുളം ജനറൽ ആശുപത്രിക്ക് മാതൃ ശിശു സൗഹൃദ ആശുപത്രി (എം.ബി.എഫ്.എച്ച്.ഐ) സർട്ടിഫിക്കേഷൻ. എൻ.എച്ച്.എമ്മും ഐ.എ.പിയും ചേർന്ന് നൽകുന്ന സർട്ടിഫിക്കേഷനിൽ 97 ശതമാനം പോയിന്റാണ് ആശുപത്രിക്ക് ലഭിച്ചത്. വിദഗ്ദ്ധ സംഘം ആശുപത്രിയിൽ നേരിട്ടെത്തി പീഡിയാട്രിക് വിഭാഗം, മെറ്റേർണിറ്റി വാർഡ്, ഗൈനിക് വിഭാഗം, ലേബർ റൂം, പി.പി യൂണിറ്റ് എന്നിവിടങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥരെയും ചികിത്സയിലുള്ളവരെയും നേരിട്ട് കണ്ട് അഭിപ്രായം ആരാഞ്ഞാണ് സർട്ടിഫിക്കേഷൻ നൽകുന്നത്. സർക്കാർ ആശുപത്രികളിൽ എറണാകുളം ജനറൽ ഹോസ്പിറ്റലാണ് സർട്ടിഫിക്കേഷനിൽ ഒന്നാമതെത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത പറഞ്ഞു.