thumbichal

ആലുവ: കീഴ്മാട് പഞ്ചായത്തിലെ ഏറ്റവും വലിയ തുമ്പിച്ചാൽ തടാകം കേന്ദ്ര ഉൾനാടൻ ജലഗതാഗത ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഉൾനാടൻ ജലഗതാഗത വകുപ്പ് ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടറിന്റെ നിർദേശാനുസരണമാണ് സന്ദർശനം നടത്തിയത്.

10 ഏക്കറോളം വരുന്ന തുമ്പിച്ചാൽ തടാകം പുല്ലും കാടും കയറി നാശത്തിന്റെ വക്കിലായിരുന്നു. രണ്ട് തവണ നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും വീണ്ടും മലിനമായി. പിന്നീട് കീഴ്മാട് പഞ്ചായത്തിന്റെ ആവശ്യപ്രകാരം ജില്ലാ ഭരണകൂടം ഓപ്പറേഷൻ വാഹിനി പദ്ധതിയിൽപെടുത്തി രണ്ട് മാസം മുമ്പ് വീണ്ടും നവീകരിക്കുകയായിരുന്നു.

മാലിന്യമുക്തായതോടെ തുമ്പിച്ചാലിൽ സായാഹ്നങ്ങളിൽ സന്ദർശകരുടെ തിരക്കാണ്.ഫോട്ടോ എടുക്കുന്നതിനും സായാഹ്നം ആസ്വാദിക്കുന്നതിനും ചൂണ്ട ഇടുന്നതിനുമായി നിരവധി പേർ എത്തുന്നുണ്ട്. തുമ്പിച്ചാലിലെ ചെളി ചുറ്റും ബണ്ട് പോലെ പിടിപ്പിച്ചുള്ള ജോലികൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പുരോഗമിച്ച് നടത്തുകയാണ്.

തുമ്പിച്ചാൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കീഴ്മാട് പഞ്ചായത്ത്‌സംസ്ഥാന സർക്കാറിന്റെയും കേന്ദ്ര സർക്കാറിന്റേയും വിവിധ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും അതിന്റെയെല്ലാം ഭാഗമായാണ് കേന്ദ്ര ഉൾനാടൻ ജലഗതാഗത ഉദ്യോഗസ്ഥർ തുമ്പി ച്ചാൽ സന്ദർശിച്ചതെന്നും പഞ്ചായത്ത് അധികൃതർ അവകാശപ്പെട്ടു.

പഞ്ചായത്ത് പ്രസിഡന്റ് സതിലാലു, വാർഡ് അംഗം ടി.ആർ. രജീഷ് തുടങ്ങിയവർ തുമ്പിച്ചാലിനെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര സംഘത്തിന് നൽകി. സംഘം സന്ദർശന റിപ്പോർട്ട് കളക്ടർക്ക് കൈമാറും.