കൊച്ചി: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സ്വയം പര്യാപ്തതയിലെത്തിച്ചേരുക എന്നതിനൊപ്പം ഒരു നല്ല മനുഷ്യനെ വാർത്തെടുക്കുക എന്നത് കൂടിയാണെന്ന് ന്യൂഡൽഹിയിൽ കേരള സർക്കാരിന്റെ സ്‌പെഷ്യൽ ഓഫീസർ വേണു രാജാമണി പറഞ്ഞു. സ്വന്തം ഭാഷയെ സ്‌നേഹിക്കുന്നതോടൊപ്പം വിദേശഭാഷകളായ ഇംഗ്ലീഷ്, ജർമ്മൻ, ചൈനീസ്, ജാപ്പനീസ് ഭാഷകൾകൂടി പഠിക്കുന്നത് ജീവിതവീഥിയിൽ അനന്തസാദ്ധ്യതകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയും മഹാരാജാസ് കോളേജും സംയുക്തമായി സംഘടിപ്പിച്ച കരിയർ ഗൈഡൻസ് കം കോച്ചിംഗ് സെന്ററായ ജോബ് വേൾഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. വി.എൻ. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ ടി.ജെ. ഇഗ്‌നേഷ്യസ്, ബെഞ്ചമിൻ പോൾ, എ.കെ. രാജൻ, വി.കെ. കൃഷ്ണൻ, ബ്രിഗേഡിയർ വേണു വി. നായർ, ഡോ. ഷിജി തുടങ്ങിയവർ സംസാരിച്ചു.