jebi-mather

ആലുവ: ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പുവർഷം 11.82 കോടി രൂപയുടെ പദ്ധതികൾക്ക് ആലുവ നഗരസഭ വികസന സെമിനാർ അംഗീകാരം നൽകി. ഒന്നാംഘട്ടമായി സ്പിൽ ഓവർ പദ്ധതികളും അനിവാര്യ പദ്ധതികളും അടക്കം 2.51 കോടി രൂപയുടെ പ്രോജക്ടുകൾക്ക് നേരത്തേ അംഗീകാരം ലഭിച്ചിരുന്നു. ശേഷിച്ച 9.31 കോടി രൂപയുടെ പ്രോജക്ടുകൾക്കാണ് വികസന സെമിനാർ രൂപം നൽകിയത്.

മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായിട്ടുള്ള ഖരദ്രവ്യ മാലിന്യ സംസ്‌കരണ പദ്ധതി, തെരുവുവിളക്കുകൾക്കായി 'നിലാവ്' പദ്ധതി, പ്രാദേശിക കാലാവസ്ഥാവ്യതിയാനം, പ്രാദേശിക സാമ്പത്തിക വികസനം എന്നിവയാണ് നടപ്പുവർഷം മുൻഗണന നൽകുന്നവ. ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ജില്ലാ കാൻസർ നിയന്ത്രണ പരിപാടിയുടെ മൂന്നാംഘട്ടവും ഡയാലിസിസ് രോഗികൾക്ക് ചികിത്സാസഹായം നൽകുന്ന കാരുണ്യസ്പർശം പദ്ധതിയും നടപ്പിലാക്കുന്നതാണ്. കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ള അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസംസ്ഥാന നഗരസഭാ ഫണ്ടുകൾ വിനിയോഗിച്ച് പഴയ പൈപ്പ്‌ലൈനുകൾ മാറ്റി സ്ഥാപിക്കൽ, പൈപ്പ് ലൈൻ ദീർഘിപ്പിക്കൽ എന്നിവയ്ക്കായി 1.34 കോടിയുടെ പദ്ധതി കേരള വാട്ടർ അതോറിട്ടി മുഖേന നടപ്പാക്കും.

ജെബി മേത്തർ എം.പി സെമിനാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സൈജി ജോളി, മുനിസിപ്പൽ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, ലിസ ജോൺസൺ, ഫാസിൽ ഹുസൈൻ, ആസൂത്രണ കമ്മിറ്റി ഉപാദ്ധ്യക്ഷൻ ചിന്നൻ ടി. പൈനാടത്ത്, കില ഫാക്കൽട്ടി എം.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.