rajesh

നെടുമ്പാശേരി: സൗദിയിൽ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വർഷത്തിലധികമായി കോമാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വടക്കാഞ്ചേരി വാഴാനി പേരെപാടം സ്വദേശി മധുപുള്ളി വീട്ടിൽ രാജേഷിനെ (29) തുടർചികിത്സയ്ക്കായി നാട്ടിലെത്തിച്ചു. കെ.എം.സി.സി മുൻകൈയെടുത്താണ് രാജേഷിനെ നാട്ടിലെത്തിച്ചത്.

ഇന്നലെ രാവിലെ ശ്രീലങ്കൻ എയർലൈൻ വിമാനത്തിൽ ദമ്മാമിലെ മെഡിക്കൽ സർവ്വീസ് വിഭാഗമായ ആർ.പി.എം നൗസിംഗ് കോഡിനേറ്റർ വി. ബിനീഷ്, മെഡിക്കൽ ഓഫീസർ ഡോ.സംജിത്ത് എന്നിവരോടൊപ്പം വെന്റിലേറ്റർ സൗകര്യത്തോടെയാണ് നെടുമ്പാശേരിയിലെത്തിച്ചത്. രാജേഷിന്റെ പിതാവ് രാജൻ, മാതാവ് പുഷ്പലത, സഹോദരിമാരായ സൗമ്യ, രമ്യ എന്നിവരും മറ്റ് ബന്ധുക്കളും ചേർന്ന് വിമാനത്താവളത്തിൽ രാജേഷിനെ കണ്ണീരോടെ സ്വീകരിച്ചു. 2021 ജൂൺ ഒന്നിന് സൗദി കുവൈറ്റ് അതിർത്തിയിലെ ഹഫർ അൽബാത്തിനിൽ വെച്ചാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. നാട്ടിലെത്തിക്കാൻ രാജേഷിന്റെ കുടുംബം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ സമീപിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. 14 ലക്ഷം രൂപയോളം ചെലവഴിച്ചാണ് രാജേഷിനെ കെ.എം.സി.സി നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിൽ എറണാകുളം അമൃത മെഡിക്കൽ കോളേജിലെത്തിച്ച രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ദ്ധ പരിശോധക്ക് ശേഷം തുടർചികിത്സക്കായി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.