p

കൊച്ചി: അകക്കണ്ണിന്റെ വെളിച്ചത്തിൽ എഴുത്തും സംഗീതവും സ്വായത്തമാക്കിയ 19കാരി ഹന്ന ആലിസ് സൈമൺ 60 ലക്ഷം രൂപയുടെ വാർഷിക സ്കോളർഷിപ്പോടെ ഉന്നത പഠനത്തിന് അമേരിക്കയിലേക്ക്. ഇനി നോട്ടർഡാം സർവകലാശാലയിൽ നാലുവർഷത്തെ ബിരുദപഠനം.

ജന്മനാ കാഴ്ചശേഷിയില്ലെങ്കിലും അപ്പ പറഞ്ഞ കഥകളും അമ്മ പാടിയ പാട്ടുകളും കേട്ടാണ് ഹന്ന സംഗീത, സാഹിത്യലോകത്തേക്ക് ചുവടുവച്ചത്. പാട്ടെഴുതുക മാത്രമല്ല, സ്വയം സംഗീതം നൽകി പാടുകയും ചെയ്യും. ഒരു ഇംഗ്ലീഷ് കഥാസമാഹരവും പൂർത്തിയാക്കി.

അദ്ധ്യാപികയായ മാതാവ് ലിജ സൈമണും സ്വകാര്യ സ്ഥാപനത്തിൽ നിയമോപദേഷ്ടാവായ പിതാവ് സൈമൺ മാത്യൂസുമാണ് കരുത്ത്. പത്താംക്ളാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി. കാക്കനാട് രാജഗിരി ക്രിസ്തുജയന്തി സ്കൂളിൽ സി.ബി.എസ്.ഇ 12-ാം ക്ളാസിൽ ഹ്യുമാനിറ്റീസിൽ പരീക്ഷയെഴുത്തി ഫലം കാത്തിരിക്കുകയാണ് .

ആഗസ്റ്റ് 12ന് നോട്ടർഡാം സർവകലാശാലയിലെത്തണം. പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റുമായി അവിടേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ഹന്ന. സർവകലാശാല സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സൈക്കോളജി മുഖ്യവിഷയവും സംഗീതവും എഴുത്തും ഉപവിഷയവുമായ കോഴ്സിനാണ് പ്രവേശനം കിട്ടിയത്. കലൂരിലെ സിറ്റി പാലസ് ഫ്ളാറ്റിലാണ് താമസം. ഏഴാം ക്ളാസുകാരൻ ഹനോക്ക്, മൂന്നാം ക്ളാസുകാരൻ ഡാനിയേൽ എന്നിവർ സഹോദരങ്ങൾ.

അഞ്ചാംക്ളാസിൽ

പാട്ടെഴുതി

അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ സ്കൂൾ പരിപാടികൾക്ക് പാട്ടെഴുതി പാടി. പത്താംക്ളാസുവരെ പാട്ട് പഠിച്ചു. എഴുതിയ ഒൻപത് ഭക്തി​ഗാനങ്ങൾക്കും സംഗീതം നൽകി ആലപിച്ചു. കഥാസമാഹാരം 'വെൽക്കം ഹോം' കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. ആറ് കഥകളിലൂടെ ആറ് പെൺകുട്ടികളുടെ ജീവിതമാണ് ആവിഷ്കരിച്ചത്. സോഫ്‌റ്റ്‌വെയർ സഹായത്തോടെ വായിച്ചുകേട്ടത് ആയിരത്തോളം പുസ്തകങ്ങൾ. കമ്പ്യൂട്ടറിലാണ് എഴുത്ത്.

"സൈക്കോളജിസ്റ്റാകണം. വിഷമിക്കുന്നവരെ സഹായിക്കണം. പാട്ടും എഴുത്തും എന്റെ പാഷനാണ്.

-ഹന്ന ആലിസ് സൈമൺ

"ഹന്നയുടെ കഥകൾ വിസ്‌മയിപ്പിച്ചു. അവളുടെ വാക്കുകൾ ശക്തവും പ്രചോദിപ്പിക്കുന്നതുമാണ്.

-പ്രിയ രാജേഷ്,

ചെറുകഥാകൃത്ത്