കോതമംഗലം: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാശനഷ്ടം സംഭവിച്ചവരുടെ വീടുകളും കൃഷിയിടങ്ങളും കളക്ടർ സന്ദർശിച്ചു. പ്രകൃതിക്ഷോഭത്തിൽ വീടുകളും കൃഷികളും നശിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് റവന്യു, കൃഷി വകുപ്പ് മന്ത്രിമാരെ നേരിൽക്കണ്ട് ആന്റണി ജോൺ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റവന്യു മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കളക്ടർ സ്ഥലം സന്ദർശിച്ചത്.
കോതമംഗലം നഗരസഭയ്ക്ക് കീഴിലെയും കീരംപാറ, കവളങ്ങാട്, നെല്ലിക്കുഴി പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.അറുപതോളം വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു. റബർ, വാഴ, കപ്പ, കമുക്, റംബൂട്ടാൻ, കൊക്കൊ, ജാതി തുടങ്ങി കൃഷികളും തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങളും കാറ്റിൽ നിലംപൊത്തി. മരങ്ങൾ മറിഞ്ഞുവീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു. 10 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രഥമിക വിവരമെന്ന് കളക്ടർ ജാഫർ മാലിക് പറഞ്ഞു. കൃത്യമായ നാശനഷ്ടക്കണക്കുകൾ അടിയന്തരമായി സർക്കാരിന് സമർപ്പിക്കുമെന്നും എത്രയുംവേഗം നഷ്ടപരിഹാരം ലഭിക്കുന്നതിന് നടപടികൾ കൈക്കൊള്ളുമെന്നും കളക്ടർ പറഞ്ഞു. എഫ്.ഐ.ടി ചെയർമാൻ ആർ.അനിൽകുമാർ, യുവജനക്ഷേമ ബോർഡ് ചെയർമാൻ എസ്.സതീഷ്, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ.ശിവൻ, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, കൗൺസിലർ കെ.എ.നൗഷാദ്, മൂവാറ്റുപുഴ ആർ.ഡി.ഒ പി.എൻ.അനി, തഹസിൽദാർമാരായ ജെസി അഗസ്റ്റിൻ, കെ.എം.നാസർ, റവന്യു, കൃഷി, ഫയർഫോഴ്സ് ഉദ്യോഗസ്ഥരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.