കൊച്ചി:കൊച്ചി കോർപ്പറേഷൻ വരവറിയാതെ പണം ചെലവഴിക്കുന്നതായി ആക്ഷേപം. ധനവിനിയോഗത്തിലെ കൈവിട്ടകളികാരണം കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.
വരുമാനമുണ്ടാക്കാൻ വഴികൾ തേടാത്തതും നികുതി പിരിവിലെ അലംഭാവവുമാണ് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. മേയ് ഒന്നു മുതൽ 31വരെയുള്ള ധനസ്ഥിതി റിപ്പോർട്ട് പ്രകാരം 7.43 കോടി രൂപ വരവും 17.64 കോടി രൂപ ചെലവുമാണ് കോർപ്പറേഷനുള്ളത്. കോർപ്പറേഷന്റെ തനത് അക്കൗണ്ടിലെ തുക പൂജ്യമാണ്. വരുമാനത്തിന്റെ അധികപങ്കും ഉദ്യോഗസ്ഥരുടെയും താത്കാലിക ജീവനക്കാരുടെയും ശമ്പളത്തിനായാണ് ചെലവഴിക്കുന്നത്. ഒരു മാസം എട്ട് കോടി രൂപ ശമ്പള ഇനത്തിൽ വേണം. ഏതാനും വർഷങ്ങളായി ഇതാണ് കോർപ്പറേഷനിലെ അവസ്ഥ. മറൈൻഡ്രൈവിലെ ആസ്ഥാനമന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കുന്നതിന് ഇനിയും 40 കോടി വേണ്ടിവരും. കരാറുകാർക്ക് നൂറു കോടിയുടെ കുടിശികയുണ്ട്.
ബ്രഹ്മപുരത്ത് നൂറ് ഏക്കർ ഭൂമി വാങ്ങാൻ നൽകിയ തുക സർക്കാർ തിരിച്ചുപിടിക്കാൻ തുടങ്ങിയതും കോർപ്പറേഷന് തിരിച്ചടിയായി. 5.56 കോടി രൂപ വീതമാണ് ഓരോ വർഷവും പ്ളാൻ ഫണ്ടിൽ നിന്ന് ഇതിനായി വെട്ടിക്കുറയ്ക്കുന്നത്.
നികുതി പിരിവ് ഉൗർജിതമാക്കണം
അടിയന്തരമായി ചെലവുകൾ നിയന്ത്രിക്കുകയും നികുതി പിരിവ് ഊർജിതമാക്കുകയും വേണം. നികുതി ഇനത്തിലും മറ്റും കോർപ്പറേഷന് തിരിച്ചുകിട്ടാനുള്ള പണം ലഭിക്കാൻ ശക്തമായ നടപടികളും സ്വീകരിക്കണം. ഇല്ലെങ്കിൽ കോർപ്പറേഷന്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ, യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ പറഞ്ഞു.
മേയ് മാസത്തെ വരുമാനം
റവന്യ, ഗ്രാൻഡ്, സബ്സിഡി ഇനത്തിൽ- 5 കോടി രൂപ
നികുതി വരുമാനം: 54.87 ലക്ഷം
വിനോദ നികുതി: 10 ലക്ഷം
പ്രൊഫഷണൽ നികുതി :44 ലക്ഷം
ചെലവ്
ശമ്പള ഇനത്തിൽ- 8 കോടി
വാഹന വാടക: 60 ലക്ഷം
വാട്ടർ ബിൽ:1.3 കോടി
വൈദ്യുതി: 1.66 കോടി
കൊവിഡ് തിരിച്ചടിയായി
കോർപ്പറേഷന്റെ സാമ്പത്തികസ്ഥിതി ഭരണസമിതിയുടെ തുടക്കത്തിൽ തന്നെ കൗൺസിലിന് മുന്നിൽ വ്യക്തമാക്കിയിരുന്നു. ജി.എസ്.ടി ആനുകൂല്യമുൾപ്പെടെ വലിയ തുക സംസ്ഥാന സർക്കാരിൽ നിന്ന് കോർപ്പറേഷന് ലഭിക്കാനുണ്ട്. ഭരണമേറ്റ് അധികംകഴിയും മുമ്പ് കൊവിഡ് പ്രതിസന്ധിയെ നേരിടേണ്ടിവന്നു. ചെലവ് വർദ്ധിച്ചു. എങ്കിലും അധികനികുതി ഭാരത്തിലൂടെ ജനങ്ങളെ വലയ്ക്കാൻ ശ്രമിച്ചില്ല. പത്ത് കൊല്ലം കോർപ്പറേഷൻ ഭരിച്ച യു.ഡി.എഫ് സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കുന്നത് പരിഹാസ്യമാണ്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നത്. സമയമെടുത്തു യുക്തിഭദ്രമായി പൂർത്തിയാക്കും. വരുമാനം വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനുമുള്ള നടപടികൾ സ്വീകരിക്കും. സർക്കാർ നൽകാനുള്ള പണം നേടിയെടുക്കാനുള്ള ശ്രമങ്ങളും നടത്തും.
മേയർ എം. അനിൽകുമാർ