bis
ബിസ് സ്റ്റാൻഡേർഡ്സ് ക്ളബ് ഭാരവാഹികൾക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ എ. ഷിബു നിർവഹിക്കുന്നു. മുഹമ്മദ് ഇസ്‌മയിൽ, ടി.ആർ. ജുനിത തുടങ്ങിയവർ സമീപം

കൊച്ചി: ഉത്പന്നങ്ങളുടെ ഗുണനിലവാരവും മേന്മയും ഉറപ്പാക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ കോളേജുകളിൽ രൂപീകരിക്കുന്ന സ്റ്റാൻഡേർഡ്സ് ക്ളബുകളുടെ മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം പൂർത്തിയായി. ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സാണ് (ബിസ്) പരിശീലനം നൽകിയത്.

ഉപഭോക്തൃവസ്തുക്കളുടെ ഗുണനിലാരം സംബന്ധിച്ച മാനദണ്ഡങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിലാണ് ബിസ് കോളേജുകളിൽ സ്റ്റാൻഡേർഡ്സ് ക്ളബുകൾ രൂപീകരിച്ചത്. ക്ളബിന് നേതൃത്വം നൽകുന്ന അദ്ധ്യാപകർക്കാണ് പരിശീലനം നൽകിയത്. ഇവർ ക്ളബ് അംഗങ്ങൾക്ക് ബോധവ്തകരണ ക്ളാസെടുക്കും. പരിശീലനത്തിന്റെ ഉദ്ഘാടനം ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ എ. ഷിബു ഉദ്ഘാടനം ചെയ്തു. ബിസ് കൊച്ചി ഓഫീസ് മേധാവി മുഹമ്മദ് ഇസ്‌മയിൽ, ജോയിന്റ് ഡയറക്ടർ ടി.ആർ. ജുനിത, സയന്റിസ്റ്റുമാരായ റിനോ ജോൺ, രസ്യത്ത് സുരേഷ്, ദിനേശ് രാജഗോപാൽ എന്നിവർ ക്ളാസുകൾക്ക് നേതൃത്വം നൽകി.

250 ക്ളബുകൾ രൂപീകരിക്കും

കേരളത്തിൽ 250 സ്റ്റാൻഡേർഡ്സ് ക്ളബുകൾ രൂപീരിക്കുമെന്ന് ജോയിന്റ് ഡയറക്ടർ ടി.ആർ. ജുനിത പറഞ്ഞു. 40 ക്ളബുകൾ രൂപീകരിച്ചു. ഓരോ ക്ളബിനും പ്രതിവർഷം 30,000 രൂപ വീതം ഗുണനിലവാര ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ നൽകും. ഗുണനിലവാരം ഉറപ്പിക്കുന്ന നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾ സന്ദർശിക്കാനും ക്ളബ് അംഗങ്ങൾക്ക് അവസരം നൽകും. വാങ്ങുന്ന വസ്തുക്കളുടെ ഗുണമേന്മ എങ്ങനെ ഉറപ്പാക്കാമെന്ന് ജനങ്ങളെ വിദ്യാർത്ഥികളിലൂടെ ബോധവത്കരിക്കാൻ ലക്ഷ്യമിട്ടാണ് ക്ളബുകളുടെ പ്രവർത്തനം.