swapna-suresh

കൊച്ചി: ഡോളർക്കടത്തിൽ വീണാവിജയന്റെയും പേര് പറഞ്ഞതിന്റെ പ്രതികാരമായി തനിക്കൊപ്പമുള്ളവരെ സർക്കാർ കള്ളക്കേസിൽ കുടുക്കുകയാണെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പറഞ്ഞു. ഗൂഢാലോചന കേസിൽ പൊലീസ് ആവശ്യപ്പെട്ട രഹസ്യമൊഴി നൽകാത്തതിനാലാണ് തന്റെ ഡ്രൈവറും കൊട്ടാരക്കര സ്വദേശിയുമായ അനീഷിനെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റക്കേസിൽ കുടുക്കിയത്. ഈ സമയം പാലക്കാട് പോലുമില്ലാത്ത അനീഷിനെ ആറാം പ്രതിയാക്കി.

വീണയ്‌ക്കെതിരെ എന്ത് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോഴും ചോദിക്കുന്നത്. എച്ച്.ആർ.ഡി.എസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെ നാടകീയമായി അറസ്റ്റുചെയ്തു. തന്റെ സഹായികളായ പലരെയും വിളിപ്പിച്ച് നിർബന്ധിതമായി രഹസ്യമൊഴി കൊടുപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ ഇടനിലക്കാരനായ ഷാജ് കിരണിനെയും ഇബ്രായിയേയും ഇപ്പോൾ ഗൂഢാലോചന കേസിൽ സാക്ഷികളാക്കി. ഫോണിലൂടെ ഭീഷണിപ്പെടുത്തിയ വ്യക്തിയെ മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് വരുത്തിത്തീർക്കുന്നു. തന്നെ എന്ത് വേണമെങ്കിലും ചെയ്യാമെന്നും കൂടെയുള്ളവരെ ഉപദ്രവിക്കരുതെന്നും സ്വപ്‌ന പറഞ്ഞു.

 പൊലീസ് നിർബന്ധിച്ചു: അനീഷ്
പറയേണ്ട കാര്യങ്ങൾ പൊലീസ് എഴുതിത്തന്നെന്നും എന്നാൽ സത്യമേ രഹസ്യമൊഴിയായി നൽകിയിട്ടുള്ളൂവെന്നും സ്വപ്‌നയുടെ ഡ്രൈവർ അനീഷ് പറഞ്ഞു. ഈ മാസം ഏഴിനാണ് രഹസ്യമൊഴിയെടുത്തത്. ഗൂഢാലോചനയുടെ ഭാഗമായാണ് പാലക്കാട് വന്നതെന്ന് മൊഴിനൽകണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും അനീഷ് പറഞ്ഞു.