തൃക്കാക്കര: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഫയൽ തീർപ്പാക്കൽ സജീവമായി നടക്കുന്നതിനിടെ സർക്കാരിനും ജില്ലാ ഭരണകൂടത്തിനും നാണക്കേടുണ്ടാക്കുന്ന പ്രവർത്തനമാണ് സർക്കാർ അനുകൂല സംഘടനകൾ നടത്തുന്നതെന്ന് പരാതി ഉയർന്നു. ഒപ്പിട്ടശേഷം ജോലിസമയത്ത് സംഘടനാ പരിപാടികൾക്ക് പോകുന്നത് തുടർക്കഥയാവുന്നു. കളക്ടറേറ്റിലെ വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഒരുയൂണിയനിൽപ്പെട്ട ജീവനക്കാരാണ് ഡ്യൂട്ടിക്കിടെ ഉച്ചയ്ക്കുശേഷം സെമിനാറിൽ പങ്കെടുക്കാൻ മുങ്ങിയത്.
കഴിഞ്ഞ ദിവസം ജോലി സമയത്ത് ഇടത് അനുകൂല സംഘടനയിലെ ജീവനക്കാർ ജാഥയ്ക്ക് കളക്ടറേറ്റിൽ സ്വീകരണം നടത്തിയ സംഭവവും വിവാദമായിരുന്നു. സർക്കാർ അനുകൂല സംഘടനകൾ ചട്ടലംഘനം നടത്തുമ്പോൾ കാഴ്ചക്കാരാവുകയാണ് ജില്ലാ ഭരണകൂടം.