ആലുവ: ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വീണ്ടും കർക്കടകവാവ് ബലി അവലോകനയോഗം ചേർന്നു. ആദ്യയോഗത്തിൽ പങ്കെടുക്കാതിരുന്നതിനെത്തുടർന്ന് വിവാദത്തിലായ റവന്യൂ, ആലുവ നഗരസഭ, പൊലീസ്, കെ.എസ്.ആർ.ടി.സി പ്രതിനിധികളും സംബന്ധിച്ചു.
28ന് പുലർച്ചെ നാലുമുതൽ ആരംഭിക്കുന്ന കർക്കടകവാവ് ബലിയിടൽ ചടങ്ങുകൾ ആചാരപരമായും സുരക്ഷാ സംവിധാനങ്ങളോടെയും നടത്താൻ തീരുമാനിച്ചു. കഴിഞ്ഞയോഗത്തിലെടുത്ത തീരുമാനങ്ങൾ വീണ്ടും അതാത് വകുപ്പുകൾ വിശദമാക്കി. ഈ മിനിറ്റ്സ് കോടതിയിൽ സമർപ്പിക്കും. ജില്ലാ കളക്ടർ ആദ്യംവിളിച്ച യോഗത്തിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ക്ഷണിക്കാതിരുന്നതും ദേവസ്വംബോർഡ് വിളിച്ച യോഗത്തിൽ റവന്യൂവകുപ്പ് പങ്കെടുക്കാതിരുന്നതുമാണ് വിവാദമായത്.
യോഗം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ വി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തഹസിൽദാർ സുനിൽ മാത്യു, നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, സർക്കിൾ ഇൻസ്പെക്ടർ എൽ. അനിൽകുമാർ, ഉപദേശകസമിതി പ്രസിഡന്റ് എം.എൻ. നീലകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ഫയർഫോഴ്സ്, നേവി, എക്സൈസ്, കെ.എസ്.ആർ.ടി.സി, കെ.എസ്.ഇ.ബി, ആരോഗ്യം, ഇറിഗേഷൻ, പൊലീസ്, റവന്യൂ വകുപ്പുകളും ആലുവ നഗരസഭയുമാണ് പങ്കെടുത്തത്.
അടിയന്തരഘട്ടം കൈകാര്യംചെയ്യാൻ ബോട്ടും നേവി, ഫയർഫോഴ്സ് നീന്തൽ വിദഗ്ദ്ധരും ഉണ്ടാകും. ഡ്രൈവർ ഇല്ലാത്തതിനാൽ വെറുതേകിടക്കുന്ന ഫയർഫോഴ്സിൻെറ സുരക്ഷാബോട്ടുകൾ ഓടിക്കാനും ശ്രമിക്കുന്നു. സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറാണ് ഈ വിഷയം ശ്രദ്ധയിൽക്കൊണ്ടുവന്നത്.
ബലിത്തറകളിൽ ലേലത്തിൽ പോയത് 32
ആകെയുള്ള 80 ബലിത്തറകളിൽ 32 എണ്ണം ലേലത്തിൽ പോയതായി ദേവസ്വം അറിയിച്ചു. ദേവസ്വം നേരിട്ട് നടത്തുന്ന 4 ബലിത്തറകളിൽ 2 ബലിത്തറകളും ഇതിൽ ഉൾപ്പെടും. 10 സ്റ്റാളുകളുടെ സ്ഥലവും ലേലത്തിൽ നൽകി. ബാക്കി ബലിത്തറകൾക്കായി വീണ്ടും ലേലം വച്ചിട്ടുണ്ട്. ബലിയിടുന്നതിന് 75 രൂപയാണ് നൽകേണ്ടത്. വെള്ളം ഉയർന്നിരിക്കുന്നത് കർക്കടകവാവോടെ താഴുമെന്ന പ്രതീക്ഷയാണ് ദേവസ്വം ബോർഡിനുള്ളത്. വെള്ളം താഴ്ന്നാൽ ചെളി അടിയന്തരമായി മാറ്റും. മറിച്ചാണെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തും. അന്നേദിവസം മദ്യവിമുക്ത മേഖലയായി ആലുവയെ മാറ്റണമെന്ന് പൊലീസ് നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ യോഗത്തിലെ തീരുമാനങ്ങളുടെ സംക്ഷിപ്തരൂപം തഹസിൽദാർ വായിച്ചു.
ട്രാൻ.ബസുകൾക്ക് തോട്ടക്കാട്ടുകരയിൽ സ്റ്റോപ്പ്
കർക്കടകവാവ് ദിനത്തിൽ എല്ലാ ഫാസ്റ്റ് പാസഞ്ചർ ബസുകൾക്കും തോട്ടക്കാട്ടുകരയിൽ സ്റ്റോപ്പ് അനുവദിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. തിരക്ക് അനുസരിച്ച് പുലർച്ചെ 4മുതൽ ആലുവ, അങ്കമാലി ഡിപ്പോകളിൽനിന്ന് ബസുണ്ടാകും. രണ്ട് ഷിഫ്റ്റുകളിലായി ഫയർഫോഴ്സ് പ്രവർത്തിക്കും. തങ്ങൾക്ക് വിശ്രമകേന്ദ്രം വേണമെന്ന് ഫയർഫോഴ്സ് ആവശ്യപ്പെട്ടു. തെരുവുവിളക്കുകൾ കത്തിക്കാനും വൈദ്യുതിതടസം വരാതിരിക്കാൻ പ്രത്യേകസംഘത്തേയും കെ എസ് ഇ ബി നിയോഗിക്കും. എക്സൈസിന്റെ സ്ട്രൈക്കിംഗ് ഫോഴ്സുണ്ടാകും. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കാൻ നടപടി എടുക്കുമെന്ന് ആലുവ നഗരസഭ അറിയിച്ചു. പ്ലാസ്റ്റിക് നിരോധിത മേഖലയായിരിക്കും. ഡിസ്പോസിബിൾ കപ്പ്, പാത്രം എന്നിവ അനുവദിക്കില്ല. ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും നഗരസഭ അറിയിച്ചു.