കൊച്ചി: പട്ടികജാതിക്കാർ ആത്മാഭിമാനത്തോടെ വിളിക്കുന്ന ജയ്ഭീം മുദ്രാവാക്യത്തെ 'എന്തു ബീം പാലാരിവട്ടത്തെ പാലത്തിന്റെ ബീമാണോ' എന്നുചോദിച്ച് നിയമസഭയിൽ അവഹേളിച്ച മുരളി പെരുനെല്ലി എം.എൽ.എയ്ക്ക് എതിരെ പ്രക്ഷോഭവുമായി ദളിത് സംഘടനകൾ. നൂറോളം സമുദായ സംഘടനകൾ ഉൾക്കൊള്ളുന്ന പ്രക്ഷോഭസമിതിയുടെ നേതൃത്വത്തിൽ 23ന് മണലൂരിലെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കേരള പുലയർ മഹാസഭ, വേലൻ മഹാസഭ, സ്വജന സമുദായ സഭ, സാംബവർ സഭ, ഭാരതീയ വേലൻ സൊസൈറ്റി എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രക്ഷോഭസമിതി. ഓരോ സംഘടനയിൽനിന്ന് പത്തുപേർവീതം മാർച്ചിൽ പങ്കെടുക്കും. പ്രക്ഷോഭസമിതി ജനറൽകൺവീനർ എ. ശശിധരൻ, കെ.പി.എം.എസ് വർക്കിംഗ് പ്രസിഡന്റ് എം.ജി. പുരുഷോത്തമൻ, പി.വി. മുരളീധരൻ (കെ.വി.എം.എസ്), പി.കെ. രാജപ്പൻ, പി.എൻ. മോഹനൻ (സ്വജന സമുദായസഭ), എം.എ. സുധീർ, അഡ്വ. സുനിൽ സി. കുട്ടപ്പൻ, എ. ശശിധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.