കോലഞ്ചേരി: ബ്ലോക്ക് ജംഗ്ഷനിലുള്ള ഭാരത് പെട്രോളിയം ഡീലറായ സി.സി.എം ഫ്യുവൽസ് പെട്രോൾ പമ്പിന്റെ ഓഫീസ് മുറിക്ക് തീപിടിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ 4.15 നാണ് സംഭവം. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയോട് ചേർന്നുള്ളതാണ് പമ്പ്. റോഡിലൂടെ പോയ ബൈക്ക് യാത്രികരാണ് സംഭവം കണ്ടത്. ഉടൻ പുത്തൻകുരിശ് പൊലീസിൽ വിവരം അറിയിച്ച് പൊലീസാണ് ഫയർഫോഴ്‌സിന് വിവരം കൈമാറിയത്. പമ്പിലെ ഇന്ധന ടാങ്കുകളിലേയ്ക്ക് തീപടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ഓഫീസിനകത്തെ സി.സി.ടിവി യൂണി​റ്റ്, വില്പനയ്ക്കായി വച്ചിരുന്ന എൻജിൻ ഓയിലുകൾ, എൻജിൻ കൂളന്റുകൾ എന്നിവയും ഓഫീസ് രേഖകളും ഫർണ്ണീച്ചറുകളും പൂർണ്ണമായും കത്തിനശിച്ചു. പട്ടിമ​റ്റം ഫയർസ്​റ്റേഷൻ ഓഫീസർ മുനവർ ഉസ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ത് ലക്ഷം രൂപയിലധികം നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.