ഫോർട്ട്കൊച്ചി: കൊച്ചി സ്മാർട്ട് മിഷൻ പദ്ധതി പ്രദേശം ജനപ്രതിനിധികൾ സന്ദർശിച്ചു. സി. എസ്. എം.എല്ലിന്റെ ജോലികൾ നടക്കുന്ന ഒന്നു മുതൽ അഞ്ചു വരെയുള്ള ഡിവിഷനുകളിലെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്ന് ആവശ്യം ഉയർന്നു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് പദ്ധതി ഉദ്യോഗസ്ഥരുമായി നടന്ന റിവ്യൂ മീറ്റിംഗ് എം.പി ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി സ്മാർട്ട്‌ മിഷൻ ലിമിറ്റഡ് സി. ഇ. ഒ ഷാനവാസ്, ഡെപ്യൂട്ടി മേയർ കെ. എ. അൻസിയ, കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. കെ. അഷ്റഫ്, മനാഫ് മറ്റു കൗൺസിലർമാരും റിവ്യൂ യോഗത്തിൽ പങ്കെടുത്തു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളുടെ പോരായ്മകളും അതിന്റെ പൂർത്തീകരണങ്ങളും അവലോകനത്തിൽ ചർച്ചചെയ്തു. അടിസ്ഥാനസൗകര്യങ്ങളുടെ വികസന കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന ആവശ്യം അംഗീകരിച്ചു. നെഹ്റു പാർക്ക്, പള്ളത്ത് രാമൻ വെളി ഗ്രൗണ്ട് നവീകരണത്തിന്റെ ഭാഗമായി എൽ.ഇ.ഡി ലൈറ്റുകൾ, സി.സി.ടി.വി കാമറ എന്നിവ സ്ഥാപിക്കാനും ഫണ്ടുകൾ അനുവദിച്ചു. സി. എസ്. എം.എൽ അധികൃതർ അറിയിച്ചു. പി.എം.എ.വൈ പദ്ധതിപ്രകാരം 620 ഓളം വീടുകൾക്ക് ഡി. പി. ആർ ഒന്നു മുതൽ അഞ്ചു വരെ ഗ്യാപ് ഫണ്ടിന് പതിമൂന്നു കോടി അനുവദിച്ചതായി അധികൃതർ അറിയിച്ചു. കാനകളിലെ ചെളി നീക്കം ചെയ്യുന്നതിനും മറ്റും ഫണ്ട് അനുവദിച്ചതായും യോഗത്തിൽ അറിയിച്ചു. കൊച്ചി പ്രദേശത്ത് നിർമ്മാണം നടക്കുന്ന ചുങ്കം പാലം, ഫോർട്ട്‌ കൊച്ചി ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് എന്നിവ സന്ദർശനം നടത്തി. മറ്റു പ്രദേശത്തെ ജോലികൾ ക്രോഡീകരിച്ച് പൂർത്തീകരിക്കാൻ കഴിയുമെന്നും, ഈ പ്രദേശത്തെ വികസനത്തിന് പുതിയ പദ്ധതികൾ ഉപയോഗിക്കണമെന്നും കൗൺസിലർമാരുടെ ആവശ്യം അംഗീകരിച്ചു. കൊച്ചിയിലെ സി. എസ്. എം. എൽ ന്റെ ഒഴിവായി പോകുന്ന പദ്ധതികൾക്കു പകരം പുതിയ പദ്ധതികൾക്ക് രൂപം നൽകണമെന്നും പദ്ധതികൾ നടപ്പിലാക്കാൻ കാലതാമസമെടുത്താൽ പദ്ധതികൾ ഒഴിവായി പോകുമെന്ന് യോഗത്തിൽ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഒഴിവായി പോയവർക്കുകളുടെ പണം ഒന്നു മുതൽ അഞ്ചു വരെയുള്ള ഡിവിഷനുകളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കു വിനിയോഗിക്കണമെന്നും കൗൺസിലർമാർ യോഗത്തിൽ അഭിപ്രായപ്പെട്ടു.