കോലഞ്ചേരി: പട്ടിമറ്റത്തെ ഉപഭോക്താക്കളെ വലച്ച് ബി.എസ്.എൻ.എൽ. മാസങ്ങളായി മേഖലയിൽ ബി.എസ്.എൻ.എൽ സിം ഉപയോഗിക്കുന്നവർ പരിധിക്ക് പുറത്താണ്. ഇടയ്ക്കിടെ വരും, വന്നതുപോലെ പോകും, ഒളിച്ചുകളിയിൽ ഉപഭോക്താക്കളും മടുത്തു. ഫോൺ കേടായതായി പരാതി നൽകിയാൽ പരാതി പരിഹരിക്കാതെ പരിഹരിച്ചതായി കാണിച്ച് മേസേജുകളുമെത്തും. ഇത്തരം മെസേജുകൾ ലഭിച്ച് വീണ്ടും പരാതിപ്പെട്ടാലും നിരാശയാണ് ഫലം. വിളിച്ചാലും വിളിച്ചില്ലേലും പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് മാസാമാസം ബില്ല് കൃത്യമായി വരുന്നുണ്ട്. വൈദ്യുതിനിലച്ചാൽ ടവറുകളും പ്രവർത്തിക്കുന്നില്ല.

മിക്ക കച്ചവടക്കാരും ബി.എസ്.എൻ.എൽ മൊബൈലിൽ നിന്നാണ് ഇന്റർനെറ്റും ഉപയോഗിക്കുന്നത്. കണക്ഷൻ ലഭിക്കാത്തതിനാൽ ഉപഭോക്താക്കൾക്ക് ബിൽ നൽകുന്നതിനും കഴിയുന്നില്ല. നിരവധി പരാതികൾ നൽകിയെങ്കിലും നിരാശയാണ് ഫലം. മാസങ്ങളായി തുടരുന്ന തകരാർ പരിഹരിക്കാനാകാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ഉപഭോക്താക്കൾ. മൊബൈൽ റേഞ്ച് ലഭിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിമറ്റം യൂണിറ്റ് ജനറൽ സെക്രട്ടറി ടി.പി. അസൈനാർ, പ്രസിഡന്റ് വി.വി. ഗോപാലൻ എന്നിവർ ആവശ്യപ്പെട്ടു.