മട്ടാഞ്ചേരി:ഹാജീസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. പ്രിയപ്പെട്ട വിദ്യാലയത്തെ രക്ഷിക്കാൻ സേവ് സ്കൂൾ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ് വിദ്യാർത്ഥികൾ.

സ്കൂൾ ഘട്ടംഘട്ടമായി അടച്ചുപൂട്ടാനാണ് മാനേജ്മെന്റ് നീക്കം. ഇതിനെതിരെ വിദ്യാർത്ഥികൾ പ്ലക്കാർഡുകളുമായി സ്കൂൾ മുറ്റത്ത് പ്രതിഷേധം സംഘടിപ്പിച്ചു. മട്ടാഞ്ചേരിയിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന 80 വർഷത്തിലധികം പഴക്കമുള്ള സ്കൂളാണിത്. 1936ൽ കൊച്ചി രാജാവിന്റെ അനുമതിയോടെ ഖാൻ സാഹിബ് ഇസ്മയിൽ ഹാജി ഈസ സേഠാണ് സ്കൂൾ സ്ഥാപിച്ചത്.പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വന്നെങ്കിലും ഹാജീസ സ്കൂളിൽ വിദ്യാർത്ഥികൾക്ക് കുറവുണ്ടായില്ല.

നിലവിൽ എൽ.കെ.ജി, യു.കെ.ജി മുതൽ പത്താം ക്ലാസ് വരെയാണ് പഠനം. സ്കൂൾ ലാഭകരമല്ലെന്നാണ് മാനെജ്മെന്റ് പറയുന്നത്. പി.ടി.എ, അദ്ധ്യാപകർ,​ നാട്ടുകാർ,​ പൂർവവിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ സ്കൂൾ നിലനിർത്തണമെന്ന ആവശ്യം ഉന്നയിക്കുന്നു. സ്കൂൾ അടച്ചുപൂട്ടി സ്ഥലക്കച്ചവടം നടത്താൻ മാനേജ്മെന്റ് ശ്രമിച്ചാൽ ശക്തമായ സമരപരിപാടി ആരംഭിക്കുമെന്ന് പി.ടി.എ പ്രസിഡന്റ് കെ.ബി. അഷറഫ്, പൂർവ വിദ്യാർത്ഥി സംഘടനാ ഭാരവാഹികളും സ്കൂൾ സംരക്ഷണ സമിതി പ്രതിനിധികളുമായ എം.കെ.സെയ്തലവി,റഫീക്ക് ഉസ്മാൻ സേഠ്, അസീസ് പട്ടേൽ, എം.എം.സലീം, കെ.ബി. ജബ്ബാർ, ഗഫൂർ തുടങ്ങിയവർ പറഞ്ഞു. സ്കൂൾ പൂട്ടുന്നതിനെതിരെ തിങ്കളാഴ്ച മുന്നിൽ ഒപ്പ് ശേഖരണം നടത്തും. സ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് വിദ്യാർത്ഥികളും പി.ടി.എയും പൂർവവിദ്യാർഥികളും മുന്നിൽവയ്ക്കുന്നത്. സ്കൂൾ പൂട്ടാനുള്ള നീക്കത്തെ നിയമപരമായി നേരിടാനും തീരുമാനമുണ്ട്.