കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. നമ്പേലിൽ കോളനി കിഴകൊമ്പ് ഭാഗത്ത് വീടുകൾ തകർന്നു. വ്യാപക കൃഷിനാശവുമുണ്ടായി.18 ഡിവിഷൻ നമ്പേലിൽ കോളനി വെട്ടുകുരുത്തേൽ
വിജയന്റെ വീട്ടിലേക്ക് മര വീണ് ഭാര്യ ഭാമയ്ക്ക് (56) ഗുരുതര പരിക്കേറ്റു. ഇവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പാറത്തോട്ടേൽ പി.സി.പൈലിയുടെ വീട് തേക്ക് മരം വീണ് പൂർണമായും തകർന്നു.
അരഞ്ഞാണിയിൽ മനു ബേബി, അരഞ്ഞാണിയിൽ മറിയം ബേബി,
പാലിശേരി അപ്പു,നമ്പേലിൽസജി, നമ്പേലിൽ എം.ജെ.മത്തായി, കുറ്റിപ്പാലക്കൽ മേരിക്കുട്ടി എന്നിവരുടെ വീടുകളും മരം വീണ് തകർന്നു.ഇഞ്ചക്കുഴി ഇ.പി.എബ്രഹാമിന്റെ 50 റബർ മരങ്ങൾ കാറ്റിൽ കടപുഴകി വീണു. പാറത്തൊട്ടാൽ
റോയി ഫിലിപ്പിന്റെ റബ്ബർ മരങ്ങൾ നശിച്ചു.അതി ശക്തമായ കാറ്റിൽ റബർ, തേക്ക്, ആഞ്ഞിലി മരങ്ങളാണ് കടപുഴകിയത്. കൂത്താട്ടുകുളം, പിറവം, പാലാ എന്നിവിടങ്ങളിലെ ഫയർ ഫോഴ്സ് സംഘവും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി. മൂവാറ്റുപുഴ സബ് ഡിവിഷണൽ മജിസ്ട്രേട്ട് സതീശൻ കെ.എസ്സിന്റെ നേതൃത്വത്തിൽ വില്ലേജ് ആഫീസർ ഷൈനി ഉൾപ്പെടെയുളള റവന്യു അധികാരികൾ സംഭവ സ്ഥലം സന്ദർശിച്ച് നഷ്ടം വിലയിരുത്തി. കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, പ്രിൻസ് പോൾ ജോൺ, പി.സി.ഭാസ്കരൻ, സിബി കൊട്ടാരം, ബേബി കീരാന്തടം, ബോബൻ വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.