നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മത്തിൽ പങ്കെടുത്ത ആദ്യസംഘം ഹാജിമാർ നെടുമ്പാശേരിയിൽ മടങ്ങിയെത്തി. ജൂൺ നാലിന് മദീനയിലേക്ക് പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിലെ 377 പേരാണ് ഇന്നലെ മടങ്ങിയെത്തിയത്. സൗദി എയർലൈൻസ് വിമാനം ഇന്നലെ രാത്രി 10.45 നാണ് നെടുമ്പാശേരിയിലെത്തിയത്. 181 പുരുഷൻമാരും 196 സ്ത്രീകളുമാണ് സംഘത്തിലുള്ളത്. നെടുമ്പാശേരിയിൽ ഇറങ്ങേണ്ട എയർ അറേബ്യ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് ഇടിച്ചിറക്കേണ്ടി വന്നതിനാൽ വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഹാജിമാരുടെ വിമാനം വഴിതിരിച്ചുവിടേണ്ടിവരുമോയെന്ന ആശങ്ക പരന്നിരുന്നു. രാത്രി 8.22 ഓടെ റൺവേ പ്രവർത്തനം പുനരാരംഭിച്ചതോടെയാണ് ആശങ്കയകന്നത്. ഹാജിമാരെ ജനപ്രതിനിധികളുടേയും സംസ്ഥാന ഹജ്ജ് കമ്മിയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു.