കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ ആഫ്രിക്കൻ ഒച്ച് ശല്യം രൂക്ഷം. ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

വട്ടക്കാട്ടുപടി, ഇരിങ്ങോൾ,മോസ്കോ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കൻ ഒച്ച് ശല്യം വർദ്ധിച്ചത്. നിർമ്മാർജനം ചെയ്തില്ലെങ്കിൽ സമീപ പ്രദേശങ്ങളിലേക്കും ഒച്ച് വ്യാപിക്കുമെന്ന സ്ഥിതിയാണ്. ഇവയുടെ ആക്രമണം മൂലം ചെടികളും സസ്യങ്ങളും നശിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. മണൽ, കോൺക്രീറ്റ് എന്നിവയെയും ഒച്ചുകൾ നശിപ്പിക്കുന്നുണ്ട്. ഒച്ചുകൾ വീടുകൾക്കുള്ളിലും കയറിപ്പറ്റുന്നുണ്ട്.

വർഷത്തിൽ അഞ്ച് മുതൽ ആറ് തവണവരെ ആഫ്രിക്കൻ ഒച്ചുകൾ മുട്ടയിടാറുണ്ട്. ഓരോ പ്രാവശ്യവും 200 മുട്ടകൾവരെ ഇടും. 90 ശതമാനം മുട്ടകളും വിരിയാറുള്ളതിനാൽ അതിവേഗമാണ് ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം. പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും ഒച്ച് നിർമ്മാർജനത്തിന് സത്വര നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.