p

കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ മേൽക്കൂര പൊളിക്കണോ? അതോ പുതുക്കി പണിയണോ ? ചെന്നൈ ഐ.ഐ.ടി സംഘം പറയും. 'ആശയക്കുഴപ്പം' അകറ്റാൻ ഐ.ഐ.ടി സംഘത്തിന്റെ പഠന റിപ്പോർട്ട് കാത്തിരിക്കുകയാണ് ജി.സി.ഡി.എ. കഴിഞ്ഞ ദിവസമാണ് ഐ.ഐ.ടിയിലെ അസോസിയേറ്റ് പ്രൊഫസറും സ്ട്രക്ച്ചർ ആൻഡ് കൊറേഷ്യൻ രംഗത്തെ പ്രമുഖനുമായ ഡോ. രാധാകൃഷ്ണ ജി.പിള്ളയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം കൊച്ചിയിലെത്തി മേൽക്കൂര പരിശോധിച്ചത്.

അടുത്ത ആഴ്ച ഐ.ഐ.ടി റിപ്പോർട്ട് ലഭിച്ചേക്കും. ഇതു പരിഗണിച്ചായിരിക്കും തീരുമാനം. മേൽക്കൂര 40 ശതമാനത്തോളം തുരുമ്പെടുത്തിരിക്കുകയാണെന്നാണ് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ട്രച്ചറൽ എൻജിനിയറിംഗ് വിദഗ്ദ്ധരുടെ റിപ്പോർട്ട്.

കഴിഞ്ഞ വർഷം നവംബറിലാണ് മേൽക്കൂരയ്ക്ക് കേടുപാടുകളുണ്ടെന്ന് കണ്ടെത്തിയത്. ശാശ്വത പരിഹാരം തേടി ജി.സി.ഡി.എ കോഴിക്കോട് എൻ.ഐ.ടിയെയും സമഗ്ര പഠനത്തിന് ചെന്നൈ ഐ.ഐ.ടിയും സമീപിച്ചിക്കുകയായിരുന്നു. മേൽക്കൂരയ്ക്ക് കാറ്രുപിടിച്ച് ഘടനയിൽ മാറ്റം വന്നിട്ടുണ്ടോയെന്നാണ് ഐ.ഐ.ടി വിദഗ്ദ്ധർ പ്രധാനമായും പരിശോധിച്ചത്. ഘടനമാറിയില്ലെങ്കിൽ പൊളിച്ചു പണിതേയ്ക്കില്ല. അത്യാധുനിക രീതിയിൽ അറ്റകുറ്റപ്പണി നടത്തും. രണ്ട് വർഷത്തോളമായി സ്റ്റേഡിയം അടച്ചിട്ടിരിക്കുന്നതിനാൽ സുരക്ഷാ ഭീഷണിയില്ല. ആഗസ്റ്റിൽ ഐ.എസ്.എൽ മത്സരങ്ങൾ നടക്കുന്നതുൾപ്പെടെ ചെന്നൈ ഐ.ഐ.ടിയെ ധരിപ്പിച്ചുണ്ട്.

 അടച്ചു തുറക്കും

പൊളിച്ചുണിയണമെന്നാണ് റിപ്പോർട്ടെങ്കിൽ അടച്ച് തുറക്കുന്ന (റിട്രാക്ടബിൾ റൂഫ് ) മേൽക്കൂരയാണ് ജി.സി.ഡി.എയുടെ പരിഗണനയിലുള്ളത്. ഭാവിയെ മുന്നിൽകണ്ടാണിത്. വിദേശ രാജ്യങ്ങളിലുൾപ്പെടെ ഇത്തരം മേൽക്കൂരകളാണ് നിർമ്മിക്കുന്നത്. എന്നാൽ കോടികൾ നീക്കിവയ്ക്കേണ്ടിവരും. 20 മുതൽ 25 കോടി രൂപയാണ് മേൽക്കൂര നിർമ്മാണത്തിന് വകയിരുത്തിയിട്ടുള്ളതെന്നാണ് വിവരം.

 1000ടൺ

12 വർഷങ്ങൾക്കു മുമ്പ് 10 കോടി രൂപ ചെലവിലാണ് സ്റ്റേഡിയത്തിലെ മേൽക്കൂര നിർമ്മിച്ചത്. മുംബായ്, ഗുവാഹത്തി സ്റ്റേഡിയങ്ങളിലെ മേൽക്കൂര നിർമ്മിച്ച ചെന്നൈ ആസ്ഥാനമായുള്ള ലോയ്ഡ്‌സ് ഇന്റർനാഷണലിനായിരുന്നു നിർമ്മാണ ചുമതല. 10 മാസത്തെ കാലയളവിൽ പൂർത്തിയാക്കാൻ കരാർ നൽകിയ മേൽക്കൂര പൂർത്തിയാകാൻ 3 വർഷം എടുത്തു. 1000 ടൺ സ്റ്റീലാണ് ഉപയോഗിച്ചിട്ടുള്ളത്. 2017ൽ ഇന്ത്യയിൽ നടന്ന അണ്ടർ17 ലോകകപ്പിന് വേദിയായിരുന്ന കലൂർ സ്റ്റേഡിയത്തിൽ ഫിഫയുടെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.

ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ട് കാക്കുകയാണ്. ഇതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും

ജി.സി.ഡി.എ