ആലുവ: അടിയന്തരഘട്ടത്തിൽ ആംബുലൻസ് ലഭിക്കാതെ രോഗി മരിക്കാനിടയായ സംഭവത്തിൽ കടുങ്ങല്ലൂർ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രതിപക്ഷ ബഹളം. വിഷയം അജണ്ടയൽ ഉൾപ്പെടുത്തി ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പ്രസിഡന്റ് നിരാകരിച്ചതിനേതുടർന്ന് പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.

കഴിഞ്ഞ 7 നാണ് 12-ാം വാർഡിൽ അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ പഞ്ചായത്തിന്റെ ആംബുലൻസ് ആവശ്യപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനവുമായി പോയിരുന്നതിനാൽ ഏറെ വൈകി സ്വകാര്യ വാഹനത്തിലാണ് രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിൽ എത്തും മുമ്പ് രോഗി മരിച്ചു.

ആംബുലൻസിനും ബഡ്‌സ് സ്‌കൂൾ ബസിനും പഞ്ചായത്തിന്റെ വാഹനത്തിനുമായി മൂന്ന് ഡ്രൈവർമാർ ഉള്ളപ്പോൾ അവശ്യസർവ്വീസായ ആംബുലൻസിന്റെ ഡ്രൈവറെ മറ്റു ചുമതല ഏൽപ്പിക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന ആംബുലൻസ് മാറ്റി പുതിയ വാഹനം വാങ്ങണമെന്ന തീരുമാനം നടപ്പാക്കാത്തത് പ്രതിപക്ഷ അംഗങ്ങളായ വി.കെ. ശിവൻ, കെ.എൻ. രാജീവ്, പ്രജിത എന്നിവർ യോഗത്തിൽ ചോദ്യം ഉന്നയിച്ചു. വിഷയം അജണ്ടയിൽ ഇല്ലാത്തതിനാൽ ചർച്ച ചെയ്യാനാകില്ലെന്ന് പ്രസിഡന്റ് അറിയിച്ചതോടെയാണ് അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയത്. വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ അംഗം വി.കെ. ശിവൻ അറിയിച്ചു. പ്രതിപക്ഷ അംഗങ്ങളായ ആർ. രാജലക്ഷ്മി, പി.കെ. സലിം, ടി.ബി. ജമാൽ, ഉഷ ദാസൻ, കെ.എൻ. രാജീവ്, പ്രജിത ആർ., ലിജിഷ പി.ജെ. എന്നിവർ പങ്കെടുത്തു.