
ആലുവ: ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹ സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി കടുങ്ങല്ലൂർ ഡിവിഷനിലെ ഡയാലിസിസ് രോഗികൾക്കുള്ള രണ്ടാം ഘട്ട ധനസഹായ വിതരണം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. യേശുദാസ് പറപ്പിള്ളി, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. മറ്റു ധനസഹായങ്ങൾ ലഭിക്കാത്ത സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസിന് വിധേയമാകുന്നവർക്ക് മാസം 4000 രൂപ ലഭിക്കുന്ന പദ്ധതിയാണിത്. ഈ വർഷം ഡിവിഷനിൽ 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.