കൊച്ചി:എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട്, സിന്തറ്റിക്ക് ട്രാക്ക്, ഹോക്കി ഗ്രൗണ്ട് എന്നിവ അത്യാധുനിക രീതിയിൽ നവീകരിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. ഹൈബി ഈഡൻ എം.പി, മേയർ എം.അനിൽകുമാർ, ടി.ജെ.വിനോദ് എം.എൽ.എ എന്നിവർ പങ്കെടുത്തു.

യോഗശേഷം കളക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെ സംഘം മഹാരാജാസ് കോളേജിലെ വികസനകാര്യങ്ങൾ പരിശോധിച്ചു. മഹാരാജാസിന്റെ പൈതൃകം നിലനിർത്തിയുള്ള കാലോചിതമായ വികസനം ആവശ്യമാണെന്ന് സംഘം വിലയിരുത്തി. സിന്തറ്റിക്ക് ട്രാക്ക് നവീകരിക്കുന്നതിന് തൃശൂർ എൻജിനിയറിംഗ് കോളേജ് 8.73 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിട്ടുണ്ട്. ഇത് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിരിക്കുകയാണ്. എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചാലുടൻ ടെൻഡർ നടപടികൾ ആരംഭിക്കും. മഹാരാജാസ് കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിലെ ഹോക്കി ഗ്രൗണ്ട് നിർമ്മിക്കുകയാണ് ലക്ഷ്യം. ടർഫ് നവീകരണത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷന് സമീപത്തെ ബസ് ടെർമിനൽ മാറ്റി സ്ഥാപിക്കും. രണ്ട് പദ്ധതികളും വിശദമായി ചർച്ച ചെയ്യുന്നതിന് കോളേജ് കൗൺസിൽ ഉടൻ യോഗം ചേരും. എറണാകുളം വില്ലേജ് ഓഫീസ്, വാട്ടർ ട്രാൻസ്‌പോർട്ട് ഓഫീസ്, ജില്ലാ രജിസ്ട്രാർ ഓഫീസ് എന്നിവയും സംഘം സന്ദർശിച്ചു. അഞ്ച് സബ് ഓഫീസുകളാണ് രജിസ്ട്രാർ ഓഫീസിൽ പ്രവർത്തിക്കുന്നത്. രവിപുരത്തെ റവന്യൂ ഭൂമിയിൽ കൂടുതൽ സൗകര്യങ്ങളുള്ള പുതിയ രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണം പരിഗണനയിലുണ്ട്. നിയമ തടസംമൂലം നിർമ്മാണം വൈകുന്ന എറണാകുളം വില്ലേജ് ഓഫീസ് സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്ത് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയും പരിഗണിക്കുന്നു.ബോട്ട് ജെട്ടി നവീകരിക്കാനും തീരുമാനമായിട്ടുണ്ട്.